കോഴിക്കോട്: പൊതുസ്ഥലത്ത് നിര്‍ത്തിയിടുന്ന വാഹനത്തിനുള്ളില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കിയാല്‍ ഇനി ശിക്ഷ. കേന്ദ്രമോട്ടോര്‍വാഹന നിയമപ്രകാരം രക്ഷിതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് പോലീസും മോട്ടോര്‍വാഹനവകുപ്പും തീരുമാനിച്ചത്. ഇത്തരത്തിലുള്ള അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്താണ് നടപടി സ്വീകരിക്കുന്നത്.
കാറിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോയതിനെ തുടര്‍ന്ന് നിരവധി അപകടങ്ങളാണുണ്ടായിട്ടുള്ളത്. ഷാര്‍ജയിലും പഞ്ചാബിലും നടന്ന സംഭവങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ നാടൊട്ടുക്കും അറിഞ്ഞിട്ടും ഇപ്പോഴും കുട്ടികളെ തനിച്ചാക്കി പോവുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തിയ ശേഷം മുതിര്‍ന്നവര്‍ വാഹനം ലോക്ക് ചെയ്തു പോവുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും തയാറാവുന്നത്.
വാഹനത്തിനുള്ളിലുള്ള കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടാവാനുളള സാധ്യതയേറെയാണെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. കൂടാതെ ഗിയര്‍, ഹാന്‍ഡ് ബ്രേക്ക് എന്നിവ പ്രവര്‍ത്തിച്ചാലും അപകടത്തിനുള്ള സാധ്യതയുണ്ട്. എസി കൂളിംഗ് കോയലിലെ ചോര്‍ച്ച കാരണവും അപകടമുണ്ടാവാം.
കുട്ടികള്‍ വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാനും അത് അപകടത്തിന് കാരണമാവാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കമണെന്നും അല്ലാത്ത പക്ഷം നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസും മോട്ടോര്‍വാഹനവകുപ്പും മുന്നറിയിപ്പ് നല്കി.