പയ്യന്നൂര്‍:പയ്യന്നൂര്‍ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കിലും ഇരുന്നൂറ് മീറ്ററകലെയുള്ള വാടക വീട്ടിലും രക്തം കണ്ട സംഭവത്തെപറ്റി പോലീസ് അന്വേഷിക്കുന്നു. ഇന്നു രാവിലെ ഏഴോടെയാണ് സ്റ്റേഡിയത്തിന് സമീപത്തെ കുട്ടികളുടെ പാര്‍ക്കിന്റെ വരാന്തയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടെത്തിയത്.
കൂടുതലായി നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ പാര്‍ക്ക് മുതല്‍ സഹകരണ ആശുപത്രി റോഡിലുള്ള തൃക്കരിപ്പൂര്‍ സ്വദേശിയുടെ വാടക വീട്ടില്‍വരെ രക്തംമുള്ളതായി കണ്ടെത്തുകയായിരുന്നു.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഈ വാടക വീടിന്റെ മുറ്റത്തും പോര്‍ച്ചിലും കിണറിന്റെ സമീപത്തും രക്തം കണ്ടതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
കുട്ടികളുടെ പാര്‍ക്ക് മുതല്‍ വാടക വീടുവരെയുള്ള റോഡിലും പലയിടങ്ങളിലായി രക്തമുണ്ടായിരുന്നു. ഇവിടെനിന്ന് കിട്ടിയ രക്തസാമ്പിളുകള്‍ പരിശോധനക്കായി നല്‍കിയിരിക്കുകയാണ് പോലീസ്. പയ്യന്നൂരിലെ എല്ലാ ആശുപത്രികളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും പരിക്കേറ്റ നിലയില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എതെങ്കിലും തരത്തിലുള്ള അക്രമവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.വാടക വീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നുവോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.