മലയാളത്തിലെ ആദ്യ ബാലമാസികയായ കുട്ടികളുടെ ദീപികയുടെ ആദ്യ കവർഗേളിനെ തേടി സോഷ്യൽ മീഡിയ. 1958ൽ പുറത്തിറങ്ങിയ കുട്ടികളുടെ ദീപികയുടെ ആദ്യപതിപ്പിന്റെ മുഖചിത്രമായിരുന്നത് രണ്ടു നായക്കുട്ടികളെയുമായി നില്ക്കുന്ന പെൺകുട്ടിയാണ്.
ഫോട്ടോഗ്രാഫറായ ജോസ് ഇടനാട് ആണ് ചിത്രമെടുത്തത്. അന്ന് കലാഭവൻ സ്ഥാപകഡയറക്ടറും ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനുമായിരുന്ന ആബേലച്ചനാണ് ആദ്യപതിപ്പിന് മുഖപ്രസംഗമെഴുതിയത്. കളർ പ്രിന്റിംഗ് അദ്ഭുതമായിരുന്ന കാലത്താണ് മനോഹരമായ കവർചിത്രവുമായി കുട്ടികളുടെ ദീപിക പുറത്തിറങ്ങിയത്.
ഈ കുട്ടി ഇപ്പോള്‍ എവിടെയായിരിക്കുമെന്നതാണ് നെറ്റിസൺസ് ആകാംക്ഷയോടെ ചോദിക്കുന്നത്. കുട്ടിയെ കണ്ടെത്താൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് കുട്ടികളുടെ ദീപിക ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്ത ചിത്രം വൈറലായി മാറിക്കഴിഞ്ഞു.