ന്യൂഡൽഹി: രാജ്യത്താകെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണെങ്കിലും നരേന്ദ്ര മോദി സർക്കാരിനു പശുരക്ഷയിലാണ് ഇനി ശ്രദ്ധ. എല്ലാ വീട്ടിലും പശു എന്നതാണു ഗ്രാമീണ മേഖലയുടെ പുനരുദ്ധാരണത്തിനായി കേന്ദ്രസർക്കാരിന്റെ മന്ത്രം.
പശുവുമായി ബന്ധപ്പെട്ട സ്റ്റാർട്ട് അപ്പുകൾ ആണ് ഗ്രാമീണ സന്പദ്ഘടനയ്ക്കായുള്ള മോദി സർക്കാരിന്റെ നവീന ആശയം. പശു സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാൻ നാലു മാസം മുന്പ് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച രാഷ്ട്രീയ കാമധേനു ആയോഗ് തയാറായിക്കഴിഞ്ഞു.
നെല്ല്, തെങ്ങ്, റബർ, കുരുമുളക്, ഏലം തുടങ്ങിയ കൃഷികളെ തകർച്ചയിൽ നിന്നു രക്ഷിക്കണമെന്ന കർഷകരുടെ രോദനങ്ങൾക്കു ചെവി കൊടുക്കാതെയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്കായി രാഷ്ട്രീയവും മതവും കലർന്ന വിശ്വാസത്തിന്റെ തണലിലുള്ള പുതിയ പശു വിപുലീകരണ പദ്ധതി.
കേരളത്തിലേത് ഉൾപ്പെടെ നിലവിലുള്ള കൃഷികൾക്ക് പ്രത്യേക സഹായപദ്ധതികളോ, ആനുകൂല്യങ്ങളോ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. ഗോവധം നിരോധിച്ചിട്ടുള്ളതിനാൽ രാജ്യത്താകെ വളർത്തുന്ന കോടിക്കണക്കിനു പശുക്കൾ പ്രായമാകുന്പോൾ സംരക്ഷിക്കാനും ഇനിയും വലിയ തുക ചെലവാകും.
രാജ്യത്താകെ ഗോശാലകൾ സ്ഥാപിക്കാനും പശു ഉത്പന്നങ്ങളുടെ വിപണനത്തിനുമാകും പുതിയ സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് ഭായി കതൂരിയ പറഞ്ഞു.
പശു വളർത്തൽ, സംരക്ഷണം, പാലും ചാണകവും ഗോമൂത്രവും അടക്കമുള്ള ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തും. ഗോമൂത്രവും ചാണകവും ഉപയോഗിച്ചുള്ള ബയോ ഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ വൻകിട സംരംഭകർ അടക്കമുള്ളവർക്കും സഹായം നൽകും.