ഹൈദരാബാദ്: തെലുങ്കാനയിൽ തഹസീൽദാറുടെ വീട്ടിൽനിന്ന് അഴിമതിവിരുദ്ധ ഏജൻസി പിടിച്ചെടുത്തത് 93.5 ലക്ഷം രൂപയും അമ്പത് പവനും. രംഗറെഡ്ഡി ജില്ലയിലെ കെഷാംപെട്ടിലെ തഹസീൽദാർ വി. ലാവണ്യയുടെ വീട്ടിൽനിന്നാണ് അനധികൃത സ്വത്ത് പിടിച്ചെടുത്തത്. ഇവരുടെ ഹൈദരബാദിലെ ഹയാത്ത്നഗറിലെ വീട്ടിൽനിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്.
വില്ലേജ് ഓഫീസർ അൻത്യ കൈക്കൂലി കേസിൽ പിടിയിലായതോടെയാണ് ലാവണ്യയും കുടുങ്ങിയത്. ഭൂമി രേഖകൾ തിരുത്തുന്നതിന് കർഷകനിൽനിന്ന് നാല് ലക്ഷം രൂപയാണ് വില്ലേജ് ഓഫീസർ വാങ്ങിയത്.
രേഖകൾ തിരുത്താൻ വില്ലേജ് ഓഫീസർക്ക് മൂന്നു ലക്ഷവും ദഹസീൽദാർക്ക് അഞ്ച് ലക്ഷവും നൽകിയെന്ന് കർഷകൻ വിജിലൻസിന് മൊഴി നൽകി. ആദ്യം രേഖകൾ തിരുത്താൻ 30,000 രൂപയാണ് വില്ലേജ് ഓഫീസർ പിടിച്ചുവാങ്ങിയത്.
എന്നാൽ ഓൺലൈനിൽ രേഖകളിൽ പിശക് കണ്ടപ്പോൾ വില്ലേജ് ഓഫീസറെ കർഷകൻ വീണ്ടും സമീപിച്ചു. തിരുത്തൽവരുത്താൻ ലക്ഷങ്ങൾ വേണമെന്ന് വില്ലേജ് ഓഫീസർ ഈസമയം അറിയിച്ചു. ഇതോടെയാണ് കർഷകൻ വിജിലൻസിനെ വിവരം അറിയിക്കുന്നത്.
വില്ലേജ് ഓഫീസറെ പിടികൂടിയതിനു പിന്നാലെ ലാവണ്യയുടെ വീട്ടിലും റെയ്ഡ് നടത്തി. സംസ്ഥാനത്തെ ഏറ്റവും നല്ല ദഹസീൽദാർക്കുള്ള പുരസ്കാരം രണ്ടു വർഷംമുമ്പ് നേടിയ ഉദ്യോഗസ്ഥയാണ് ലാവണ്യ.