ടെക്സസ്: അമ്മയുടെ മൃതദേഹത്തിനൊപ്പം മകളും കൊച്ചുമകളും കഴിച്ചുകൂട്ടിയതു മൂന്നു വർഷം. യുഎസിലെ ടെക്സസിലാണു സംഭവം. രണ്ടുമുറി വീട്ടിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിചിത്രകഥ വെളിപ്പെട്ടത്.
എഴുപത്തൊന്നുകാരിയായ വയോധികയ്ക്കു 2016-ൽ വീണതിനെ തുടർന്ന് പരിക്കേറ്റിരുന്നു. ഒപ്പം താമസിച്ചിരുന്ന മകൾ അമ്മയ്ക്ക് ആവശ്യമായ ചികിത്സ നൽകിയില്ല. കുറച്ചുദിവസത്തിനുശേഷം വൃദ്ധ മരിച്ചു. മൃതദേഹം നീക്കാൻ മകൾ തയാറായില്ലെന്നു പോലീസ് പറയുന്നു.
ഒരു മുറിയിൽ മൃതദേഹം കിടക്കുന്പോൾ തൊട്ടടുത്ത മുറിയിലാണ് മകളും മകളുടെ കുട്ടിയും ഉറങ്ങിയിരുന്നത്. വൃദ്ധ മരിക്കുന്പോൾ കൊച്ചുമകൾക്ക് 15 വയസായിരുന്നു പ്രായം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിലേക്കു മാറ്റി.
കുട്ടിക്ക് അപകടം വരുത്തിയ കുറ്റമാണ് അമ്മയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 20 വർഷം തടവോ 10,000 ഡോളർ പിഴയോ ലഭിച്ചേക്കാം.