ബിർമിംഗ്ഹാം: ഇംഗ്ലീഷ് ഓപ്പണർ ജേസണ്‍ റോയി ലോകകപ്പ് ഫൈനൽ കളിക്കും. സെമി ഫൈനലിൽ അന്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിന് റോയിക്കു സസ്പെൻഷൻ ലഭിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ശിക്ഷ പിഴയിൽ ഒതുക്കാൻ മാച്ച് റഫറി രഞ്ജൻ മദുഗുലെ തീരുമാനിക്കുകയായിരുന്നു. മാച്ച് ഫീയുടെ 30 ശതമാനമാണ് റോയി പിഴ നൽകേണ്ടത്.
85 റണ്‍സുമായി സെഞ്ചുറിയിലേക്കു കുതിക്കവെ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ചാണു റോയി പുറത്താകുന്നത്. റോയി പുറത്തായതായി അന്പയർ കുമാർ ധർമസേന വിധിച്ചെങ്കിലും തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ജേസണ്‍ റോയി ഗ്രൗണ്ടിൽ നിന്നു. ഇതേതുടർന്ന് അന്പയർ മറിയസ് എറാസ്മസ് ഇടപെട്ട് പവലിയനിലേക്കു പോകുവാൻ ആവശ്യപ്പെടുകയായിരുന്നു.
റോയിയെ ഔട്ട് വിധിച്ച ശേഷം ധർമസേന ടിവി ചിഹ്നം കാണിച്ചത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ജോണി ബൈർസ്റ്റോ ഇംഗ്ലണ്ടിന്റെ ഏക റിവ്യു ഉപയോഗിച്ച് നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ അന്പയർ റിവ്യൂ സിഗ്നൽ കാണിച്ചു. ഓസ്ട്രേലിയയാണ് ഈ തെറ്റ് ചൂണ്ടിക്കാണിച്ചത്. അന്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് റോയി ഗ്രൗണ്ട് വിട്ടത്.