തലശേരി: വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ ഫയൽ കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നും അപ്രത്യക്ഷമായതിനു പിന്നാലെ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് കൂടി കാണാതായി.
എ.ജി ഓഫീസിൽ നിന്നും ലോക്കൽ പോലീസിൽ നിന്നും കാണാതായ ഫയലിന്റെ ഒരു കോപ്പി അതി സാഹസികമായ ശ്രമത്തിലൂടെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഫയൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ബി.പി. ശശീന്ദ്രൻ കണ്ണൂർ ഐജിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസ് അന്വഷണം നടത്തിയെങ്കിലും തങ്ങളുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഫയൽ കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല.
എ.ജി. ഓഫീസിൽ നിന്നും ലോക്കൽ പോലീസിൽ നിന്നും ഒരേ സമയം ഫയൽ അപ്രത്യക്ഷമായത് കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.എ.ജി ഓഫീസിലെ ഫയലും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് സംഘം ദിവസങ്ങൾ നീണ്ടു നിന്ന പ്രയത്നത്തിനൊടുവിൽ തങ്ങളുടെ വർഷങ്ങൾ പഴക്കമുള്ള ഫയൽ കൂമ്പാരത്തിൽ നിന്നും കേസ് ഫയലിന്റെ ഒരു കോപ്പി കണ്ടെത്തിയത്. ഇതോടെ ഈ കേസിന്റെ വിചാരണക്ക് വഴിയൊരുങ്ങി.
കൂത്തുപറമ്പ് കുട്ടികുന്നിലെ തപസ്യയിൽ ബാലൻ നമ്പ്യാർ കൊല്ലപ്പെട്ട കേസിന്റെ ഫയലാണ് ദുരൂഹ സാഹചര്യത്തിൽ എ.ജി ഓഫീസിൽ നിന്നും ലോക്കൽ പോലീസിൽ നിന്നും അപ്രത്യക്ഷമായത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബാലൻ നമ്പ്യാരുടെ മകൾ വിനീത ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഫയൽ എ.ജി ഓഫീസിലേക്ക് വിളിപ്പിച്ചത്.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിനീതയുടെ ഹർജി ഹൈക്കോടതി തള്ളുകയും കേസ് വിചാരണക്കായി സെഷൻസ് കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തു.ഈ സമയത്താണ് ഫയൽ അപ്രത്യക്ഷമായ വിവരം പ്രോസിക്യൂട്ട റുടെ ശ്രദ്ധയിൽ പെട്ടത്. 2005 ജനുവരി 27നാണ് വീട് അക്രമിക്കുകയും ബാലൻ നമ്പ്യാരെ അക്രമി സംഘം തലക്കടിച്ച് വീഴ്ത്തുകയും ചെയ്തത്.വീടിന് തീ ഇടുകയും സ്വർണ്ണവും പണവും കവരുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലൻ നമ്പ്യാർ 2005 ഫെബ്രുവരി 5നാണ് മരണമടഞ്ഞത്.
കൂത്തുപറമ്പിലെ കുറ്റേരി ഗോവിന്ദൻ നമ്പ്യാർ (70), കോരപ്പറമ്പ് ജെയിംസ് (42), മാനന്തേരിയിലെ പ്രദീഷ് (43), മാറോളി വീട്ടിൽ സുഹാസ് (42), പുത്തൻപുരയിൽ സുനിൽകുമാർ (38), ശ്രീനിലയത്തിൽ രൂപേഷ് (40), കല്ലുമ്മൽ ജയേഷ് (38), ഐശ്വര്യയിൽ രതീശ് (40), കല്ല്യാർ രതീശ് കുമാർ (40), ചുണ്ടക്കാട്ട്പറമ്പ് സുരേഷ് കുമാർ എന്ന മണി (41), രാജ് നിവാസിൽ രാജീവൻ (42), തൈക്കണ്ടി വിനീഷ് (41), ഉച്ചുമ്മൽ ഷനോബ് എന്ന ഷനോജ് (44) എന്നിവരാണ് കേസിലെ പ്രതികൾ.