വൈപ്പിൻ: പള്ളിപ്പുറം വൈപ്പിൻ സംസ്ഥാനപാതയിൽ അത്യാധുനിക സുരക്ഷാസംവിധാനങ്ങൾ ഒരുക്കി സുരക്ഷിതപാതയാക്കി മാറ്റുന്നതിനുള്ള സർക്കാരിന്റെ ഇ-യാത്ര പദ്ധതിയിൽ ട്രാഫിക് പോലീസിന്റെ സേവനം കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. പദ്ധതിയുടെ ഭാഗമായി വൈപ്പിനിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ സ്ഥാപിച്ച് പ്രത്യേകം പോലീസുകാരെ നിയമിക്കണമെന്നാണ് ആവശ്യമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
ട്രാഫിക് പോലീസിന്റെ സേവനം ലഭിച്ചാൽ സംസ്ഥാന പാതയിൽ പലയിടത്തും ഗതാഗതം സുഗമമാകും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പരിശോധനകൾ കൃത്യമായി നടക്കും. ഇത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കും. നിലവിൽ ക്രമസമാധാനത്തിൻറെയും കേസന്വേഷണങ്ങളുടെയും ചുമതലയുള്ള ഞാറക്കൽ, മുനന്പം പോലീസ് സ്റ്റേഷനുകൾക്കാണ് വൈപ്പിൻ സംസ്ഥാനപാതയിലെ ഗതാഗതത്തിന്റെ ചുമതല.
ഇവരെ സഹായിക്കാൻ ഒരു ഹൈവേ പട്രോളിംഗ് വാഹനമുണ്ടെങ്കിലും ഇതിലെ ചുമതലക്കാർ ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ളവർ തന്നെയാണ്. ആവശ്യത്തിനു പോലീസുകാർ ഇല്ലാത്ത ഈ സ്റ്റേഷനുകളിൽ നിന്നും നാൽക്കവലകളിലും, സ്കൂളുകൾക്ക് മുന്നിലും, തിരക്കേറിയ സ്ഥലങ്ങളിലും ഗതാഗതം നിയന്ത്രിക്കാനും, വാഹന പരിശോധനക്കും മറ്റുംപോലീസുകാരെ വിടാൻ പലപ്പോഴും ബുദ്ധിമുട്ടാണ്.
ഈ സാഹചര്യത്തിലാണ് ട്രാഫിക് പോലീസ് വിംഗിന്റെ പ്രവർത്തനം വേറെ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇയാത്ര പദ്ധതിക്കായി സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സിലിൽ നിന്നും 10.02 കോടി രൂപ അനുവദിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിവ്. സാധ്യമായ സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടൽ, നടപ്പാതെ നിർമ്മിക്കൽ, സുരക്ഷിത ബസ് ഷെൽട്ടറുകൾ സ്ഥാപിക്കൽ, കാനകൾ, സ്ലാബുകൾ നിർമ്മിക്കൽ തുടങ്ങിയവയാണ് പദ്ധതിക്ക് കീഴിൽ വരുന്നത്.
പദ്ധതിക്ക് നേരത്തെ തന്നെ തത്വത്തിലുള്ള അംഗീകാരം സർക്കാർ നൽകിയിരുന്നെങ്കിലും സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.നോർത്ത് പറവൂർ മുൻ ജോ.ആർ.ടി.ഒയും ഇപ്പോൾ കൊച്ചി മെട്രോ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജറുമായ ആദർശ് കുമാർ.ജി.നായരുടെ നേതൃത്വത്തിലാണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്.
തുടർന്ന് എസ്. ശർമ്മ എംഎൽഎ മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷിനേതാക്കളുടെയും യോഗം വിളിച്ചുചേർത്ത അഭിപ്രായങ്ങൾ ആരായുകയും പദ്ധതി റിപ്പോർട്ട് ക്രമപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും ട്രാഫിക് പോലീസ് സേവനം വേണമെന്ന ആവശ്യം യോഗങ്ങളിൽ ബന്ധപ്പെട്ടവർ ഉയർത്താതിരുന്നതിനാലാണ് അധികൃതരുടെ ശ്രദ്ധയിൽ പെടാതെ പോയത്. ഇനി ഇക്കാര്യത്തിൽ എംഎൽഎയുടെ അടിയന്തിര ശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.