മുളങ്കുന്നത്തുകാവ്: കിലുക്കം സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച സ്റ്റിൽ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ ചിത്രം പതിയാത്ത കാമറ പോലെയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോർട്ടബിൾ എക്സ് റേ മെഷിൻ. ഒന്നും ക്ലിയറാകില്ല. പതിഞ്ഞാൽ പതിഞ്ഞുവെന്ന് പറയാം. ഭാഗ്യം പോലെയിരിക്കും കാര്യങ്ങൾ.
ഒരു എക്സറേ യന്ത്രം പൊട്ടിവീണ് കേടായതോടെ പ്രധാനപ്പെട്ട എക്സ് റേ മെഷിനുകൾ പ്രവർത്തനരഹിതമായി. എമർജൻസി ഡിജിറ്റൽ എക്സ് റേ മെഷിൻ രണ്ടാഴ്ചയായി കേടായി കിടക്കുകയാണ്. പിന്നെയുള്ള പോർട്ടബിൾ എക്സ്റേ മെഷിനിൽ എടുക്കുന്ന എക്സ് റേയിൽ ഒന്നും വ്യക്തമായി തെളിയുന്നില്ല. ഒടിവുകളുടേയും മറ്റും തീവ്രത ശരിയായി അറിയാൻ ഇതുമൂലം കഴിയുന്നില്ല.
എക്സ് റേ മെഷിനുകൾ കേടായതും ഉള്ളവ ശരിയാം വിധം പ്രവർത്തിക്കാത്തതും നൂറു കണക്കിന് രോഗികൾക്ക് ദുരിതമാവുകയാണ്. തൃശൂരിന് പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നിരവധി രോഗികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
ഒപി രോഗികളെ എക്സ്റേ എടുക്കാൻ പുറത്തേക്ക് പറഞ്ഞയക്കുകയാണ്. പുറത്തൈ സ്വകാര്യ ലാബുകളിൽ ചെന്ന്് എക്സ് റേ എടുക്കാൻ സാന്പത്തികമായി നിർവാഹമില്ലാത്തവർ എക്സ് റേ എടുക്കാൻ നിർവാഹമില്ലാതെ വലയുകയാണ്.എമർജൻസി എക്സ്റേ യന്ത്രത്തിൽ നട്ടെല്ല്, തല, നെഞ്ച് തുടങ്ങിയവയുടെ എക്സ് റേ ചിത്രമാണ് എടുത്തിരുന്നത്. ഇത് കേടായപ്പോൾ പൊട്ടിവീണ എക്സ്റേ യന്ത്രത്തെ ആശ്രയിച്ചുവെങ്കിലും ഇതിന് അത്ര കൃത്യതയില്ലായിരുന്നു.
വാർഡുകളിൽ കൊണ്ടുപോയി എക്സ് റേ എടുത്തിരുന്ന സംവിധാനവും ഇപ്പോൾ നിലച്ചതുമൂലം വാർഡുകളിൽ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നവരുടേയും ഓപ്പറേഷൻ കാത്തുകിടക്കുന്നവരുടേയും എക്സ് റേ എടുക്കാൻ ഇപ്പോൾ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നവരെ പുറത്തുപോയി എക്സ് റേ എടുക്കാൻ കഴിയുന്നില്ല. പോർട്ടബിൾ എക്സ് റേ യൂണിറ്റിൽ എടുക്കുന്ന എക്സ് റേ ദൃശ്യങ്ങൾക്ക് വ്യക്തത പോരെന്ന് ഡോക്ടർമാർ തന്നെ പരാതിപ്പെട്ടിട്ടുണ്ട്.
ഒടിവ്,ചതവ് അടക്കുമുളളവയുടെ തീവ്രത കണ്ടെത്തുവാൻ സാധിക്കാത്ത അവസ്ഥയാണ് പ്രതിസന്ധി സൃഷ്്ടിക്കുന്നത്. ദൂരെ ദിക്കുകളിൽ നിന്നും തിയതി കിട്ടി എക്സ് റേ എടുക്കാൻ എത്തുന്നവർ ഇവിടെ എത്തുന്പോഴാണ് എക്സ് റേ മെഷിനുകൾ കേടാണെന്ന് അറിയുന്നത്.
ബസ് ചാർജ് പോലും എടുക്കാൻ സാന്പത്തികമായി പ്രയാസമുള്ളവർക്ക് വീണ്ടും വരുകയെന്നത് കനത്ത സാന്പത്തിക ബാധ്യതയാണ്. പലരും ഒരു ദിവസത്തെ ജോലിക്ക് പോകാതെയാണ് വരുന്നത്. ഇവർക്കെല്ലാം വീണ്ടും വരുകയെന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
പുതിയ എക്സ്റേ മെഷിൻ അത്യാഹിത വിഭാഗത്തിന് സമീപമുള്ള മുറിയിൽ വെറുതെ കിടക്കുന്നുവെന്നതാണ് ഈ കഥയിലെ മാപ്പില്ലാത്ത ക്രൂരത. ഇതിന് നിലവാരമില്ലെന്നും പറയുന്നു.