പത്തനാപുരം:കിഴക്കന്‍ മേഖലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും ഇനി എക്സൈസ് നിരീക്ഷണത്തില്‍.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ രഹസ്യമായി നിരീക്ഷിക്കാന്‍ തയാറെടുക്കുന്നത്.കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ട് യുവാക്കളെ പത്തനാപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്കാഡ് പിടികൂടിയിരുന്നു.
ആവണീശ്വരം റെയില്‍വേ സ്റ്റേഷന്,ചക്കുപാറ കോളനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവെത്തിച്ചിരുന്ന ആവണീശ്വരം ചക്കുപാറ കോളനിയില്‍ മാങ്കുടിയില്‍ വീട്ടില്‍ സ്റ്റെഫിന് എസ് കുമാര്‍(19),പുത്തന്‍വീട്ടില്‍ രാഹുല്‍(19)എന്നിവരാണ് പിടിയിലായത്.തലവൂര്‍,പത്തനാപുരം,കുന്നിക്കോട് മേഖലയിലുള്ള ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഇവരുടെ ഉപഭോക്താക്കളാണെന്ന വിവരം ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.
ഈ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ബോധവത്കരണമുള്‍പ്പെടെ നടത്താനാണ് എക്സൈസ് സംഘം പദ്ധതിയിടുന്നത്.കൂടുതല്‍ കുട്ടികള്‍ ഇത്തരക്കാരുടെ കെണിയിലകപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.പിടിയിലായവരില്‍ നിന്നും ഇവരില്‍ നിന്നും അന്‍പത് പൊതി കഞ്ചാവും പിടികൂടി.കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്.
ആവശ്യക്കാരെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് എക്സൈസ് സംഘം ഇരുവരെയും പിടികൂടിയത്.പിടിയിലായ ശേഷം ഇവരുടെ ഫോണില്‍ കഞ്ചാവ് ആവശ്യപ്പെട്ട് അന്‍പതോളം കോളുകളാണെത്തിയത്.ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായവര്‍.