തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥിയെ കുത്തിയ എസ്എഫ്ഐ നേതാക്കൾ ഒളിവിലെന്നു പോലീസ്. കേസിൽ പ്രതികളായ ഏഴു പേരും രാത്രി കീഴടങ്ങുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ശനിയാഴ്ച രാവിലെ വരെ കീഴടങ്ങിയില്ല. ഇവരെ പിടികൂടാൻ ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിനെയാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ സംഘം ചേർന്നു മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഖിലിന് വൈകുന്നേരത്തോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. അഖിലിന്റെ സഹപാഠി വിഷ്ണുവും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം അടക്കം ആറു പേർക്കെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു. നേരത്തെ പാളയത്തു ഗതാഗത നിയമം ലംഘിക്കുന്നതു തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണു നസീം.
കേസിൽ പ്രതികളായ എല്ലാവരും കേരളാ സർവകലാശാലയിലെ യൂണിയൻ ഓഫീസിലുണ്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്തും സഹപാഠിയുമായ ജിതിൻ വെളിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കേരള സർവകലാശാലയിലെ യൂണിയൻ ഓഫീസായ സ്റ്റുഡൻസ് സെന്ററിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകാൻ പോയപ്പോൾ നസീമടക്കമുള്ള പ്രതികളെ അവിടെ കണ്ടെന്നും ജിതിൻ പറഞ്ഞു.
കോളജിൽ ദിവസങ്ങളായി വിദ്യാർഥികൾ തുടർന്നുവന്ന വാക്കുതർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. രണ്ടു ദിവസം മുൻപ് മൂന്നാം വർഷ വിദ്യാർഥിയായ അഖിലും കൂട്ടുകാരും കാന്റീനിലിരുന്നു പാട്ടുപാടിയതിനെ വിദ്യാർഥി നേതാക്കൾ എതിർത്തിരുന്നു. ഇതേത്തുടർന്ന് ഇവരും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും തമ്മിൽ വാക്കുതർക്കമുണ്ടായി.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കാന്പസ് വളപ്പിനുള്ളിലെ മരച്ചുവട്ടിലിരിക്കുകയായിരുന്ന അഖിലിന്റെ കൂട്ടുകാരിൽ ചിലരെ എസ്എഫ്ഐ നേതാക്കൾ മർദിച്ചു. അഖിലും കൂട്ടരും ഇതു തടയാൻ ശ്രമിച്ചതോടെയാണു സംഘർഷമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ എസ്എഫ്ഐ നേതാക്കൾ പിന്നാലെ ചെന്നു കത്തികൊണ്ട് കുത്തുകയായിരുന്നെന്നു ദൃക്സാക്ഷികളായ വിദ്യാർഥികൾ പറഞ്ഞു.