ലണ്ടൻ: മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം പീറ്റർ ക്രൗച്ച് ഫുട്ബോളിൽനിന്നു വിരമിച്ചു. 42 മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞ ക്രൗച്ച് 21 വർഷത്തെ ഫുട്ബോൾ കരിയറിനാണ് വിരാമമിട്ടത്. ഇംഗ്ലീഷ് ടീമിൽ സ്ട്രൈക്കർ സ്ഥാനം ഈ ആറടി ഏഴിഞ്ചുകാരൻ 2005 മുതൽ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമിൽ അംഗമായിരുന്നു.
13 ക്ലബ്ബുകൾക്കു വേണ്ടി കളിച്ച താരം മുപ്പത്തെട്ടാം വയസിലാണു വിരമിക്കൽ പ്രഖ്യാപിച്ചത്. 1998-ൽ ടോട്ടനം ഹോസ്പറിലൂടെയാണു ക്രൗച്ച് കരിയർ ആരംഭിക്കുന്നത്. പിന്നീട് ക്യൂപിആർ, പോർട്സ്മൗത്ത്, ആസ്റ്റണ്‍ വില്ല, നോർവിച്ച്, സതാംപ്ടൻ, ലിവർപൂൾ ക്ലബ്ബുകൾക്കു വേണ്ടി കളിച്ചു.
2009-ൽ ടോട്ടനത്തിലേക്കു തിരിച്ചെത്തിയ താരം അവിടെനിന്നു പോയശേഷം 2019 വരെ സ്റ്റോക്ക് സിറ്റിയിൽ കളിച്ചു. 2019 ജനുവരിയിൽ ബേണ്‍ലിയിൽ ചേർന്നെങ്കിലും പിന്നാലെ തന്നെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
ക്ലബ്ബ് ഫുട്ബോളിൽ 468 മത്സരങ്ങളിൽനിന്ന് ക്രൗച്ച് 108 ഗോളുകൾ നേടി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡർ ഗോളുകൾ (53) നേടിയ റിക്കാർഡ് ക്രൗച്ചിന്റെ പേരിലാണ്. ഇംഗ്ലണ്ടിനായി കളിച്ച താരം 42 മത്സരങ്ങളിൽനിന്ന് 22 ഗോളുകൾ നേടി.