ബാഴ്സലോണ: ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന് ഇനി ബാഴ്സലോണയില്‍. 926 കോടി രൂപയ്ക്കാണ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഗ്രീസ്മാനെ ബാഴ്സലോണ സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. 17 മില്ല്യണ്‍ യൂറോയാണ് പ്രതിവർഷം വേതനമായി ഗ്രീസ്മാന് ലഭിക്കുക. അത്ലറ്റിക്കോയില് പക്ഷേ, 20 മില്ല്യണ്‍ യൂറോ ആയിരുന്നു വേതനം.
ഗ്രീസ്മാന്റെ കളംമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. ഇതോടെ ബാഴ്സയുടെ ആക്രമണനിര കൂടുതൽ ശക്തമായി. മെസി, ഗ്രീസ്മാൻ, സുവാരസ് ഡെംബാല എന്നിവരും നെയ്മറും കൂടിച്ചേരുമ്പോൾ ലോകഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ശക്തിയായി ബാഴ്സലോണ മാറും.
അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ അഞ്ചു വർഷത്തേക്ക് ഗ്രീസ്മാൻ നീട്ടിയിരുന്നു. എന്നാൽ, അധികം താമസിക്കാതെ ടീമിൽ തുടരുന്നതിന് താത്പര്യമില്ലെന്ന് അറിയിച്ച് ഗ്രീസ്മാൻ ടീം അധികൃതരെ സമീപിക്കുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രീസ്മാന് 133 ഗോള്‍ നേടിയിട്ടുണ്ട്.