കോതമംഗലം: ഭൂതത്താൻകെട്ടിൽ ടൂറിസം വകുപ്പ് നവീകരിച്ച കോട്ടേജുകൾ ഉപയോഗപ്പെടുത്താതെ നശിക്കുന്നു. പെരിയാർവാലിയുടെ ക്വാർട്ടേഴ്സുകളാണ് ടൂറിസം വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച് കോട്ടേജുകളാക്കിയത്. ഭൂതത്താൻകെട്ടിലെ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി പെരിയായർവാലിയുടെ ഒന്പതു ക്വാർട്ടേഴ്സുകളാണ് ടൂറിസത്തി നു കൈമാറിയിരുന്നത്.
ഉപയോഗശൂന്യമായിരുന്ന കെട്ടിടങ്ങൾ ലക്ഷങ്ങൾ മുടക്കി നവീകരിച്ചാണ് കോട്ടേജുകളാക്കി മാറ്റിയത്. എന്നാൽ ഇവ ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുക്കാൻ നടപടിയുണ്ടായില്ല. വർഷങ്ങളായി അനാഥമായി കിടക്കുന്ന കോട്ടേജുകൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
ഭൂതത്താൻകെട്ടിലെ വിവിധ പദ്ധതികൾ ഏറ്റെടുത്തവർ ഈ കെട്ടിടങ്ങൾ കൈയേറുന്നതായും പരാതിയുയർന്നിട്ടുണ്ട്. ഡാം റിസർവോയറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സുകൾക്ക് വലിയ വിപണന സാധ്യതയുണ്ട്. എന്നിട്ടും അത് പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ് തയാറായിട്ടില്ല.
സ്വകാര്യ റിസോർട്ടുകളും ഹോംസ്റ്റേകളും പ്രദേശത്ത് നിരവധിയുണ്ട്. ഇവയെല്ലാം സംരംഭങ്ങൾക്ക് വൻ മുതൽമുടക്ക് നടത്തുന്പോഴാണ് ലഭ്യമായ സൗകര്യംപോലും ടൂറിസം വകുപ്പ് വേണ്ടെന്നുവയ്ക്കുന്നത്. നവീകരിച്ച കോട്ടേജുകൾ വീണ്ടും വൃത്തിഹീനമായികൊണ്ടിരിക്കുകയാണ്.
ഇനി ടൂറിസ്റ്റുകൾക്ക് നൽകണമെങ്കിൽ വീണ്ടും അറ്റകുറ്റപ്പണികൾ നടത്തണം. വികസന സാധ്യതകളേറെയുള്ള ഭൂതത്താൻകെട്ടിൽ കെടിഡിസിയുടെ ഇടപെടലുണ്ടാകുന്നത് ഏറെ ഗുണം ചെയ്യുമെന്ന പ്രതീഷയും നാട്ടുകാർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.