ബെംഗളൂരു: കർണാടക നിയമസഭയിലെ ഭരണപക്ഷ എംഎൽഎമാരുടെ കൂട്ട രാജിയെ തുടർന്ന് വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടകയിൽ രാജിവച്ചവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഭരണപക്ഷം സജീവമാക്കി.
അനുനയ ചർച്ചകൾക്കായി കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ രാജിവച്ച മന്ത്രിയും എംഎൽഎയുമായ എം.ടി.ബി. നാഗരാജുമായി കൂടിക്കാഴ്ച നടത്തി. നാഗരാജിന്റെ വസതിയിലെത്തിയാണ് ശിവകുമാർ അദ്ദേഹത്തെ കണ്ടത്. രാജിവച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ശിവകുമാർ എം.ടി.ബി. നാഗരാജിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ നാഗരാജ് എന്തു തീരുമാനമെടുത്തുവെന്ന് വ്യക്തമല്ല.
വിമത എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നാലെ ഏറ്റവുമൊടുവിൽ രാജിവച്ചയാളാണ് എം.ടി.ബി. നാഗരാജ്.
വിശ്വാസവോട്ട് തേടാൻ തീരുമാനിച്ചയുടൻ തന്നെ എല്ലാ പാർട്ടികളും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി. എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവു വന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സഭയിൽ വിശ്വാസം തേടാൻ തീരുമാനിച്ചത്. സുപ്രീം കോടതി വിധി വന്നതോടെ സർക്കാരിന് വിമത എം എൽഎമാരെ അനുനയിപ്പിക്കാൻ കൂടുതൽ സമയം ലഭിച്ചി രിക്കുകയാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിശ്വാസം തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണ്. വിശ്വാസവോട്ടിൽ വിജയിച്ച് ഭരണം തുടരാനാകുമെന്നാണ് വിശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദർശമുള്ള പാർട്ടിയെന്ന നിലയ്ക്ക്, ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനാലാണ് വിശ്വാസവോട്ട് തേടാൻ തീരുമാനിച്ചതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
വിശ്വാസ വോട്ട് പ്രഖ്യാപിച്ചയുടനെ സഭ വിട്ട പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ, ബിജെപി എംഎൽഎമാരോട് ബംഗളൂരുവിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു. പിന്നാലെ വിവിധ റിസോർട്ടുകളിലേക്കായി ഇവരെ മാറ്റി. കോണ്ഗ്രസ്, ജെ.ഡി.എസ് എംഎൽഎമാരും റിസോർട്ടുകളിലാണ് കഴിയുന്നത്.
സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കൂടുതൽ നിയമ നടപടികളെ കുറിച്ച് ആലോചിക്കുകയാണ് മുംബൈയിലുള്ള വിമത എംഎൽഎമാർ. ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിക്കുക. ഭരണകക്ഷിയിലെ പതിനാറ് എംഎൽഎമാരുടെ രാജിയെത്തുടർന്നു സർക്കാരിനു കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ഘട്ടത്തിലാണു സമ്മേളനം.
കോൺഗ്രസിലെ 13 എംഎല്എമാരും ജനതാദളിലെ മൂന്നുപേരുമുൾപ്പെടെ സർക്കാരിനെ പിന്തുണയ്ക്കുന്ന 16 എംഎൽഎമാർ രാജിവച്ചതോടെയാണു സർക്കാർ പ്രതിസന്ധിയിലായത്. മന്ത്രിസ്ഥാനം നൽകി സംരക്ഷിച്ചിരുന്ന രണ്ട് സ്വതന്ത്ര അംഗങ്ങളും ഇതിനു പിന്നാലെ രാജിവച്ചു.
കോൺഗ്രസിന്റെ 78 അംഗങ്ങളുടെയും ജനതാദളിലെ 37 അംഗങ്ങളുടെതുമുൾപ്പെടെ 116 പേരുടെ പിന്തുണയാണു ഭരണകക്ഷിക്കുണ്ടായിരുന്നത്. സ്പീക്കർക്കു പുറമേയാണിത്. രണ്ട് സ്വതന്ത്ര അംഗങ്ങളുൾപ്പെടെ ബിജെപിക്ക് 107 അംഗങ്ങളുണ്ട്. 224 അംഗസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്.