കോഴിക്കോട്: സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ചിലര്‍ രാവിലെ മുതല്‍ “ഫിറ്റ്’. ട്രാഫിക് എന്‍ഫോഴ്സ്മെന്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരാള്‍ കുടുങ്ങി. മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുന്നതിന് മുമ്പേ തന്നെ ഡ്രൈവര്‍മാരില്‍ പലരും മുങ്ങി. കോഴിക്കോട് നഗരത്തിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം എന്നിവിടങ്ങളില്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ഇന്നലെ രാവിലെ എട്ടു മുതല്‍ നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും മറ്റു നിയമലംഘനങ്ങളും കണ്ടെത്തിയത്.
സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ചിലര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടെന്ന് ട്രാഫിക് എന്‍ഫോഴ്സ്മെന്റിന് നേരത്തെ വിവരംലഭിച്ചിരുന്നു. തുടര്‍ന്ന് ഇത്തരക്കാരെ പിടികൂടുന്നതിനായാണ് ട്രാഫിക് സൗത്ത് അസി.കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ രഹസ്യമായി സ്പഷ്യല്‍ ഡ്രൈവ് നടത്തിയത്. നിരവധി ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കാതെയും കണ്ടക്ടര്‍ ലൈസെന്‍സ് ലഭിക്കാത്ത ആളുകള്‍ കണ്ടെക്ടര്മാരായി ജോലി ചെയ്യുന്നതായും പോലീസ് കെണ്ടത്തി. ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
25 ഓളം പോലീസുകാര്‍ മിന്നല്‍ വേഗത്തിലായിരുന്നു പുതിയബസ്റ്റാന്ഡിലും പാളയം സ്റ്റാന്ഡിലുമെത്തി പരിശോധന നടത്തിയത്. പരിശോധന നടക്കുന്ന വിവരം നിമിഷ നേരത്തിനുള്ളില്‍ പുറത്തറിയാന്‍ തുടങ്ങിയതോടെ ബസുകളില്‍ പലതും സ്റ്റാന്‍ഡിനുള്ളില്‍ കയറ്റിയില്ല. സ്റ്റാന്ഡിനുള്ളിലുള്ള ബസുകളും എളുപ്പത്തില്‍ ഇവിടെ നിന്നും ഓടിച്ചുപോവുകയും ചെയ്തു.അതേസമയം പരിശോധന ഇനിയും തുടരാനാണ് പോലീസ് തീരുമാനം.
പതിവായി ഡ്രൈവര്‍മാരില്‍ ഒരു വിഭാഗം മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാവുന്നത്. അപകടം നടന്നയുടന്‍ ഡ്രൈവര്‍മാര്‍ ഇറങ്ങി ഓടുന്നതിനാല്‍ ഇവര്‍ വാഹനമോടിക്കുമ്പോള്‍ മദ്യപിച്ചിരുന്നോ എന്ന് പലപ്പോഴും കണ്ടെത്താന്‍ സാധിക്കില്ല. സാധാരണയായി ഇരുചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്നവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കാറുള്ളത്.
ബസുകളില്‍ പരിശോധന നടത്താറില്ല. അതിനാല്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നതും ശീലമാക്കി. തലേന്നു മദ്യപിച്ചതിന്റെ ഹാങ്ങ്ഓവറിൽ പിറ്റേന്ന് രാവിലെ ബസ് ഓടിക്കുന്നവരും കുടുങ്ങുന്നവിധത്തിലാണ് പരിശോധനാ സംവിധാനം.