മഞ്ചേരി: മാവോയിസ്റ്റ് നേതാവും തമിഴ്നാട് കോയന്പത്തൂർ രാമനാഥപുരം പുലിയകുളം സദ്യപ്പ തേവർ സ്ട്രീറ്റ് ആർ. സെൽവകുമാറിന്റെ മകനുമായ കൃഷ്ണ എന്ന ഡാനിഷിനെ (30) കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇന്നലെ മഞ്ചേരി യുഎപിഎ സ്പെഷൽ കോടതിയിൽ ഹാജരാക്കിയ ഡാനിഷിനെ ജഡ്ജി സുരേഷ്കുമാർ പോൾ ആഗസ്റ്റ് ഒന്പതു വരെ റിമാന്റ് ചെയ്യുകയായിരുന്നു.
കനത്ത പോലീസ് സാന്നിധ്യത്തിൽ തണ്ടർബോൾട്ടിന്റെ സഹായത്തോടെയായിരുന്നു മാവോയിസ്റ്റ് നേതാവിനെ കോടതിയിലെത്തിച്ചത്. എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്നലെ ഡാനിഷിനെ കോടതിയിൽ ഹാജരാക്കിയത്. 2016 സെപ്തംബർ അവസാന വാരത്തിൽ നിലന്പൂർ മുണ്ടക്കടവ് കോളനിക്കടുത്ത് വനത്തിലാണ് കേസിനാസ്പദമായ സംഭവം.
നിരോധിത തീവ്രവാദ സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ഫോർമേഷൻ ദിനത്തോടനുബന്ധിച്ച് വനത്തിൽ ഭവാനി, ശിരുവാണി, നാടുകാണി ദളങ്ങളിൽപെട്ട പതിനെട്ടു പ്രതികൾ പരിശീലന ക്യാന്പ് നടത്തിയിരുന്നു. ഇതോടനുബന്ധിച്ച് ലൈസൻസില്ലാതെ ആയുധ പരിശീലനം, പരേഡ്, പതാക ഉയർത്തൽ, ക്ലാസുകൾ എന്നിവ നടത്തിയെന്നാണ് കേസ്.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ ശേഖരിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നും ഇവർക്കെതിരെ കേസുണ്ട്. 2018 ഒക്ടോബർ അഞ്ചിന് മണ്ണാർക്കാട് നെല്ലിപ്പുഴയിൽ വെച്ച് അഗളി എഎസ്പിയാണ് ഡാനിഷിനെ അറസ്റ്റ് ചെയ്തത്.