മകളെ കടിച്ച അണലി പാമ്പിനെയും കൈയിൽ എടുത്ത് അമ്മ ആശുപത്രിയിൽ എത്തി. ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ അമ്മയേയും പാമ്പ് കടിച്ചു. മുംബൈയിലെ ധാരാവിലുള്ള രാജീവ് ഗാന്ധിനഗർ സോനേരി ചാളിൽ താമസിക്കുന്ന സുൽത്താന ഖാനാണ് മകളെ കടിച്ച അണലി പാമ്പിനെ കൈയിലെടുത്ത് ആശുപത്രിയിലെത്തിയത്.
കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാൽ ഡോക്ടർമാർക്ക് ചികിത്സ എളുപ്പമാകുമെന്ന് കരുതിയാണ് സുൽത്താന പാമ്പിനെയും കൈയിലെടുത്ത് ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കനത്ത മഴയും വെള്ളപ്പൊക്കവുമായിരുന്നു.
ഇതേ തുടർന്നാണ് ഇവരുടെ വീട്ടിലേക്ക് അണലി എത്തിയത്. പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സുൽത്താനയുടെ 18 വയസുകാരിയായ മകളുടെ ഇടത് കൈയിൽ പാമ്പ് കടിച്ചത്. സംഭവം കണ്ട് ആദ്യമൊന്ന് അമ്പരന്നുവെങ്കിലും സുൽത്താന മകളെയും മകളെയും കൂട്ടി കടിച്ച പാമ്പിനെ കൈയിലെടുത്ത് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ഈ യാത്രക്കിടയിലാണ് സുൽത്താനയെയും പാമ്പ് കടിച്ചത്.
ആശുപത്രിയിലെത്തിയ ഉടൻ തന്നെ ഇവർ പാമ്പിനെ ഡോക്ടർക്ക് കൈമാറി. ഇവർ അറിയിച്ചതിനുസരിച്ച് എത്തിയ വിദഗ്ദനാണ് പാമ്പ് അണലിയാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.