കീരിക്കാടൻ ചത്തേ… അന്നും ഇന്നും വരുന്നതെല്ലാം നായകന്റെ തല്ലുകൊണ്ടു വീഴുന്ന വില്ലൻ റോളുകൾ മാത്രം. ഇത്തരം സ്ഥിരം വേഷങ്ങൾ ചെയ്തു മടുത്തെന്ന് കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ്.
സിനിമയിലെ വില്ലൻമാരുടെ അവസ്ഥ കഷ്ടമാണ്. മാനസികമായും സാമ്പത്തികമായും വലിയ മെച്ചമെന്നുമില്ല. സിനിമയോട് ഇന്നും വലിയ കമ്പമൊന്നുമില്ല. എന്നാലും സിനിമ നൽകിയ പേരും പ്രശസ്തിയും ആസ്വദിച്ചിട്ടുണ്ട്.
ഒപ്പം തനിക്ക് സിനിമ മേഖലയിൽ മേൽവിലാസം ഉണ്ടാക്കിയ സിനിമയെക്കുറിച്ച് ഓർമിച്ച് താരം. കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസാകുന്നത്. കിരീടത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് കൂടെയുള്ളവരാരും വിശ്വസിച്ചിരുന്നില്ല.
പിന്നെ അവരേയും കൂട്ടി കോഴിക്കോട് അപ്സരയിൽ തിയേറ്ററിലിരുന്നാണ് സിനിമ കണ്ടത്. സംഘട്ടന രംഗങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് പ്രേക്ഷകർ കണ്ടത്. ഇടവേളയായപ്പോഴാണ് വില്ലൻ തിയേറ്ററിൽ ഉണ്ടെന്നുള്ള വാർത്ത പരന്നത്. സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നെന്ന് മോഹൻരാജ്.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലാണ് താരം കുടുംബസമേതം. വേറിട്ട വേഷങ്ങളുണ്ടെങ്കിൽ ധൈര്യമായി വിളിക്കാം. നായകന് തല്ലിത്തോൽപ്പിക്കാനായി മാത്രം പഴയ കീരിക്കാടൻ ഇനി സിനിമയിലേയ്ക്ക് വരില്ല. സിനിമയിൽ ഒരു വരവ് കൂടി വരാൻ ഒരുക്കമെന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.