തിരുവനന്തപുരം: തിരുവനനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പോലീസ് പരിശോധന നടത്തി. എസ്എഫ്ഐയുടെ ഇടിമുറിയെന്നു വിശേഷിപ്പിക്കുന്ന യൂണിയൻ ഓഫിസിലും കാന്പസിന്റെ വിവിധയിടങ്ങളിലുമാണ് പോലീസ് പരിശോധന നടത്തിയത്. അക്രമത്തിന്റെ സാക്ഷികളും മാധ്യമങ്ങളും പോലീസിനൊപ്പമുണ്ടായിരുന്നു.
ഉച്ചയോടെയാണു പോലീസ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ കോളജിലെ എസ്എഫ്ഐ നിയന്ത്രണത്തിലുള്ള മുറിയിൽനിന്നു കത്തികളും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. വടികളും ബൈക്കിന്റെ സൈലൻസറും ഉൾപ്പെടെ ഈ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്ഐക്കാരുടെ അക്രമങ്ങൾ അരങ്ങേറുന്നതെന്നു വിദ്യാർഥികൾ പോലീസിനു മൊഴി നൽകിയിരുന്നു.
അതേസമയം, കോളജിലെ സംഘർഷം അറിയിക്കുന്നതിൽ അധികൃതർക്കു വീഴ്ചപറ്റിയെന്നും പോലീസ് പറഞ്ഞു. വിദ്യാർഥിക്കു കുത്തേറ്റ വിവരം പോലീസിനെ അറിയിച്ചില്ലെന്നും കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോയതു പോലീസ് എത്തിയശേഷമാണെന്നും പോലീസ് പറയുന്നു. കോളജിനെതിരെ പോലീസ് യുജിസിക്കു റിപ്പോർട്ട് നൽകി.