ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്. പാർട്ടിയുടെ പല വിഭാഗങ്ങളോടും ചെലവു വെട്ടിച്ചുരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു വിവരം.
സേവാദളിന്റെ പ്രതിമാസ പ്രവർത്തന ചെലവ് 2.5 ലക്ഷത്തിൽനിന്നു രണ്ടു ലക്ഷമായി കുറച്ചിട്ടുണ്ട്. ചെലവ് കുറയ്ക്കണമെന്നു യുവജന സംഘടനയായ എൻഎസ്യുഐക്കും വിദ്യാർഥി സംഘടന കഐസ്യുവിനും നിർദേശം നൽകി. കോണ്‍ഗ്രസിന്റെ സാങ്കേതിക വിദഗ്ധർക്കും ശന്പളം മുടങ്ങിയിരിക്കുകയാണെന്നാണ് വിവരം.
പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽനിന്ന് 20 പേരാണു കഴിഞ്ഞ ദിവസം രാജിവച്ചത്. 55 അംഗ ടീമിൽ ഇപ്പോൾ 35 പേർ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ ജോലി ചെയ്യുന്നവർക്കും ശന്പളം വൈകിയാണ് ലഭിക്കുന്നതെന്നാണു വിവരം.