ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കണ്ടെത്തിയ മൃതദേഹം ലോട്ടറി വില്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പിൽ പൊന്നമ്മ (55)യുടെതാണെന്ന് സ്ഥീരികരിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പൊന്നമ്മയ്ക്കൊപ്പം ലോട്ടറി വില്പന നടത്തിയിരുന്ന യുവാവിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കേന്ദ്രീകരിച്ചാണു ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കാണു മെഡിക്കൽ കോളജിലെ കാൻസർ വാർഡിനു സമീപം മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് എട്ടു ദിവസം മുന്പു മുതൽ അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ സിന്ധുവെന്ന യുവതി മെഡിക്കൽ കോളജിലെ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിയത്. തുടർന്ന് ഇവരെ വിളിച്ചു വരുത്തിയ പോലീസ് സംഘം വസ്ത്രങ്ങളും, മൃതദേഹത്തിൽനിന്നു ലഭിച്ച വളയും കാണിച്ചത്.
ഇതോടെയാണ് മകൾ മൃതദേഹം പൊന്നമ്മയുടേതാണ് സൂചന നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ എട്ടു ദിവസമായി പൊന്നമ്മയെ മെഡിക്കൽ കോളജ് പരിസരത്ത് കാണാനില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.മെഡിക്കൽ കോളജ് പരിസരത്ത് ലോട്ടറി വില്പന നടത്തുന്ന പൊന്നമ്മ ആഴ്ചയിലൊരിക്കലാണ് മകളുടെ വീട്ടിലേയ്ക്ക് പോകുന്നത്.
കഴിഞ്ഞ ആഴ്ച ഇവർ വീട്ടിൽ എത്താതെ വന്നതോടെയാണ് മകൾ പരാതിയുമായി എത്തിയത്. എന്നാൽ വർഷങ്ങളായി പൊന്നമ്മയുമായി ചേർന്നു മെഡിക്കൽ കോളജിൽ ലോട്ടറി വില്പന നടത്തിയിരുന്ന യുവാവിനെ കണ്ടെത്തിയാൽ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരും.
മൃതദേഹം അഴുകിയതിനാൽ ഡോഗ് സ്ക്വാഡ് ഇറങ്ങിയില്ല
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് കൂടുതൽ തെളിവെടുപ്പ് നടത്തി. ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനിഷിന്റെ നേതൃത്വത്തിൽ, ബോംബ് സ്ക്വാഡാണ് തെളിവെടുപ്പ് നടത്തിയത്.
മൊബൈൽ ഫോറൻസിക് വിഭാഗത്തിലെ സയന്റിഫിക് സ്മിത എസ്. നായർ, മൃതദേഹത്തിന്റെ പ്രാഥമിക പരിശോധന നടത്തിയ ശേഷം മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് മൊബൈൽ ഫോണോ, സ്വർണാഭരണങ്ങളോ ഉണ്ടോയെന്ന് അറിയാൻ മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ചു പരിശോധനയും നടത്തി. പരിശോധയിൽ മൊബൈൽ ഫോണ് കണ്ടെത്താൻ കഴിഞ്ഞില്ല.
രണ്ട് ഗോൾഡ് കവറിംഗ് വളകളും തലയോട്ടിയുടെ ചില ഭാഗങ്ങളും മാത്രമാണ് മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് കണ്ടെത്താൻ കഴിഞ്ഞത്. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും മൃതദേഹം അഴുകി പുഴു അരിച്ച നിലയിലും മാംസം അസ്ഥികളിൽ നിന്ന് വേർപെട്ട നിലയിലുമായതിനാൽ ഡോഗ് സ്ക്വാഡ് ഇറങ്ങാതെ മടങ്ങിപ്പോയി.