തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പിഎസ്സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാർ. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികൾ കൂട്ടത്തോടെ ഇടംപിടിച്ചത്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്താണ് റാങ്ക് പട്ടികയിലെ ഒന്നാമൻ. കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ. നസീം പട്ടികയിലെ 28-ാം റാങ്കുകാരനാണ്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.
ഈ മാസം ഒന്നാം തീയതിയാണ് കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടിക പിഎസ്സി പുറത്തിറക്കിയത്.
യൂണിവേഴ്സിറ്റി കോളജിൽ തന്നെ പരീക്ഷ എഴുതാൻ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തെന്നും കോപ്പിയടിച്ചാണ് എസ്എഫ്ഐ നേതാക്കൾ ഉന്നത റാങ്ക് നേടിയത് എന്നുമാണ് ഉയരുന്ന ആരോപണങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പിഎസ്സിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചതായും സൂചനയുണ്ട്.