ആലപ്പുഴ: നഗരമധ്യത്തിൽ തിരുവാന്പാടിയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 20 പവനും 40,000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. വീടിനു സമീപത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നെടുമുടി നായർ സമാജം സ്കൂളിലെ അധ്യാപകനായ തിരുവാന്പാടി അക്ഷര വീട്ടിൽ സതീഷ്കുമാറിന്റെ സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. സതീഷ്കുമാർ കഴിഞ്ഞ 11ന് വൈകുന്നേരം അഞ്ചോടെ പിതാവിന്റെ ചികിത്സയ്ക്കായി കുടുംബസമേതം പോയിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11 ഓടെ ഭാര്യ വീട്ടിലെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ തുറന്നുകിടക്കുന്നത് കാണുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ അലമാരയിൽ നിന്നും പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസിലാക്കുകയായിരുന്നു.