പുതുക്കാട് (തൃശൂർ): കുറുമാലിയിൽ ചരക്കുലോറിയും, ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിലെ ഡ്രൈവർ ഇടുക്കി നെടുങ്കണ്ടം സ്വദേശി കുന്നത്ത് വീട്ടിൽ തോമസിന്റെ മകൻ സജി (50) ആണ് മരിച്ചത്. ഇന്നുരാവിലെ 8.30നാണ് അപകടം.
കുറുമാലിയിൽ യു ടേണ്‍ തിരിയുകയായിരുന്ന ചരക്ക് ലോറിയുടെ പുറകിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഡ്രൈവറെ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിൽ എല്ലാ സിലിണ്ടറും കാലി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടി ഭാഗത്ത് നിന്നു തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി. പുതുക്കാട് പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.