കൊച്ചി: നഗരമധ്യത്തിൽ കായൽ കാറ്റേറ്റ് സൊറ പറഞ്ഞിരിക്കാനെത്തുന്നവരുടെ പ്രധാന കേന്ദ്രമായ മറൈൻഡ്രൈവ് വിസകനമുരടിപ്പിൽ. വിദേശികൾ ഉൾപ്പെടെ നിരവധി സഞ്ചാരികൾ ദിനംപ്രതി വന്നുപോകുന്ന ഇവിടെ അല്പനേരമൊന്ന് ഇരിക്കാൻ ഇരിപ്പിടങ്ങളില്ല, നടപ്പാതകൾ പൊട്ടിപൊളിഞ്ഞ നിലങ്ങളിൽ, ഇങ്ങനെ നീളുന്നു സൗന്ദര്യവതിയായിരുന്ന മറൈൻഡ്രൈവിന്റെ ഇപ്പോഴത്തെ അവസ്ഥ.
വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിനായി മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് നിരവധി പദ്ധതികൾ നടപ്പായെങ്കിലും ഇവയെല്ലാംതന്നെ തുടർപ്രവർത്തനങ്ങളില്ലാതെ നിലച്ചുപോവുകയായിരുന്നു. രാത്രിയാകുന്നതോടെ മറൈൻഡ്രൈവും മിഴയടയ്ക്കും. വഴിവിളക്കുകളില്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന്. ഒപ്പം കുണ്ടുംകുഴിയുമായ നടപ്പാതകളും സഞ്ചാരികളെ ഇവിടെനിന്ന് അകറ്റാൻ കാരണമാകുന്നു.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ അറിയപ്പെടുന്ന ഈ നടപ്പാതയിൽ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഏറെയായി. ഹൈക്കോടതി ജെട്ടി മുതൽ ഗോശ്രീ പാലം വരെയുള്ള ഭാഗങ്ങളിൽ ടൈലുകൾ ഇളകിക്കിടക്കുകയാണ്. ഇവയിൽ തട്ടിവീണ് കുട്ടികൾ അടക്കമുള്ളവർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്.
വെളിച്ചമില്ലാത്തതിനാൽ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും അനുഭവപ്പെടുന്നതായി സഞ്ചാരികൾ പറഞ്ഞു. അതുകൊണ്ടുതന്നെ നേരം വൈകിയാൽ കുടുംബത്തോടെ എത്തുന്നവർ സ്ഥലം കാലിയാക്കാറാണ് പതിവ്. ഇതിനു പുറമെ കായലിൽ ചീഞ്ഞഴുകിയ പോളകളുടെ ദുർഗന്ധവും സഞ്ചാരികളെ പിന്തിരിക്കുന്നു.
സമീപത്തെ ഫ്ളാറ്റുകളിൽ നിന്നുള്ള മാലിന്യവും സഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും വഴിനീളെ കിടക്കുന്നതിനാൽ ഇവിടെ കൊതുകുശല്യവും രൂക്ഷമാണ്. സഞ്ചാരികളെകാത്ത് പ്രദേശത്ത് നിരവധി കച്ചവടക്കാരുണ്ടെങ്കിലും ഇവിടെയുണ്ടാകുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാൻ സൗകര്യങ്ങളൊരുക്കിയിട്ടില്ല. മേനക ഭാഗത്തും പാതയുടെ സ്ഥിതി സമാനമാണ്.