മൂവാറ്റുപുഴ: കോടികൾ ചെലവഴിച്ച് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിർമിച്ച ബ്ലഡ് ബാങ്ക് കം ഷോപ്പിംഗ് കോംപ്ലക്സ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. അഞ്ചു നിലകളിലായി 18 വർഷം മുന്പാണ് നഗരസഭ കെട്ടിടം നിർമിച്ചത്. താഴത്തെ മൂന്നു നിലകളിൽ ഷോപ്പിംഗ് കോംപ്ലക്സും മുകളിലത്തെ രണ്ടു നിലകളിൽ ജനറൽ ആശുപത്രി പേ വാർഡും എന്ന രീതിയിലാണ് കെട്ടിടം നിർമിച്ചത്.
കെട്ടിടത്തിന്റെ മുൻവശത്തെ മുറികളൊഴിച്ചാൽ മറ്റൊന്നും ഇപ്പോഴും തുറന്നു പ്രവർത്തിച്ചിട്ടില്ല. മുറി വാടകയ്ക്കെടുത്തിരുന്ന പലരും ഗോഡൗണും മറ്റുമായാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമേ സാമൂഹ്യവിരുദ്ധരുടെ താവളമായി ഇവിടം മാറിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാർഥികളും അടക്കമുള്ളവർ ഇവിടെയെത്തി ലഹരി ഉപയോഗിക്കുന്നത് പതിവ് കാഴ്ചയാണെന്നു സമീപത്തെ വ്യാപാരികൾ പറയുന്നു. സുരക്ഷാ ജീവനക്കാരനില്ലാത്തിനാൽ ആർക്കും എപ്പോൾ വേണമെങ്കിലും കോംപ്ലക്സിൽ പ്രവേശിക്കാമെന്ന സ്ഥിതിയാണ്.
വെള്ളമില്ലെന്ന കാരണത്താൽ ടോയ്ലറ്റുകൾ അടച്ചുപൂട്ടിയിട്ട് നാളുകളേറെയായി. രണ്ടു നിലകളിലായി പ്രവർത്തിച്ചിരുന്ന പേ വാർഡും അടച്ചുപൂട്ടിയിരിക്കുകയാണ്. 25 മുറികൾ വീതമാണ് ഓരോ നിലകളിലുമുള്ളത്. ദിവസം 200 രൂപ നിരക്കിലാണ് ഒരു മുറിക്ക് വാടക ഈടാക്കിയിരുന്നത്. ഇതു രോഗികൾക്ക് ഏറെ ആശ്വാസകരമായിരുന്നു. അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ച വാർഡ് തുറന്നുകൊടുക്കാൻ അധികൃതർ തയാറായിട്ടില്ല. ദിവസവും നൂറുകണക്കിനു രോഗികളാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
കോപ്ലക്സിൽ രാപകലെന്നോളം സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. ഇവിടെ കഞ്ചാവ് ഉപയോഗവും വിൽപ്പനയും പതിവാണെന്നും ആക്ഷേപമുണ്ട്. സാമൂഹ്യവിരുദ്ധർ രാവിലെ മുതൽ കോംപ്ലക്സ് വിശ്രമകേന്ദ്രമാക്കുന്നതിനാലാണ് വാടകയ്ക്കെടുത്ത മുറികൾ പലരും തുറന്നു പ്രവർത്തിക്കാൻ താൽപ്പര്യം കാണിക്കാത്തതെന്നു പറയുന്നു. പ്രതിമാസം ലക്ഷക്കണക്കിനു രൂപ വാടക ലഭിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി ഒരു ജീവനക്കാരനെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.