ന്യൂഡൽഹി: ഡൽഹിയിൽ ഐഎഎസുകാരുടെ ഭവന സമുച്ചയത്തിനകത്ത് കോടികൾ വിലയുള്ള സർക്കാർ സ്ഥലം കൈയേറി ക്ഷേത്രം നിർമിച്ചതിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്പത്തിക ഉപദേഷ്ടാവ്. നീതി ആയോഗിന്റെ പ്രിൻസിപ്പൽ അഡ്വൈസറും മോദിയുടെ ഇക്കണോമിക് അഡ്വൈസറി കൗണ്‍സിൽ അംഗവുമായ രത്തൻ പി. വത്തലാണ് ക്ഷേത്ര വിപുലീകരണ നിർമാണ പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചിരിക്കുന്നത്.
സൗത്ത് ഡൽഹിയിലെ ന്യൂ മോത്തിബാഗ് റെസിഡൻഷ്യൽ കോംപ്ലക്സിനകത്ത് 20 മുതൽ 30 കോടി രൂപ വരെ മതിപ്പു വില വരുന്ന സർക്കാർ സ്ഥലം കൈയേറിയതിനെതിരേ നടപടിയെടുക്കണം എന്നു ചൂണ്ടിക്കാട്ടിയാണ് രത്തൻ വിത്തലിന്റെ കത്ത്. ഇവിടെ താമസക്കാരായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ തന്നെയാണ് കൈയേറ്റ സ്ഥലത്തെ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരെന്നും വത്തൽ ആരോപിക്കുന്നു.
ഹൗസിംഗ് സെക്രട്ടറി ഡി.എസ് മിശ്രയ്ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി വത്തൽ കത്തു നൽകിയിട്ടുണ്ട്. ജൂണ്‍ അവസാനവാരമാണ് കത്തയച്ചത്. നാഷണൽ ബിൽഡിംഗ് കണ്‍സ്ട്രക്ഷൻ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കോർപറേഷന്റെ മൂക്കിന് താഴെ ഇത്തരമൊരു കൈയേറ്റം നടന്നിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് വത്തൽ തന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഈ വിഷയത്തിൽ വത്തലിന്റെ യഥാർഥ പ്രശ്നം എന്താണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു താമസിക്കാനുള്ള ഭവന സമുച്ചയത്തിൽ വത്തലിന് അനുവദിച്ചിരിക്കുന്ന ബംഗ്ലാവിന്റെ മുന്നിലാണ് സർക്കാർ സ്ഥലം കൈയേറി നിർമിച്ചതെന്ന് പറയുന്ന ക്ഷേത്രം നിൽക്കുന്നത്.
കൈയേറ്റം ഇതിനോടകം 300 ചതുരശ്രയടി വിസ്തീർണവും കവിഞ്ഞു പോയിരിക്കുന്നു എന്നും വത്തൽ കത്തിൽ പറയുന്നുണ്ട്. വലിയ വിഭാഗം സിവിൽ സർവീസ് ഉദ്യോഗസ്ഥർ തന്നെയാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരെന്നും വത്തൽ ആരോപിച്ചു. കൈയേറ്റം നിയമപരമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നാണ് വത്തൽ കേന്ദ്രത്തിനയച്ച് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, കേന്ദ്ര ഹൗസിംഗ് സെക്രട്ടറി ഡി.എസ് മിശ്ര പറയുന്നത് സിവിൽ സർവീസുകാരുടെ ഹൗസിംഗ് കോംപ്ലക്സ് വരുന്നതിനുമുൻപ് തന്നെ ക്ഷേത്രം അവിടെ ഉണ്ടായിരുന്നു എന്നും പ്രസ്തുത വിഷയം കോടതിയുടെ പരിഗണനയിലാണെന്നുമാണ്. ഇപ്പോൾ വിദേശ യാത്രയിലുള്ള വത്തൽ തന്റെ കത്തിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ കത്ത് പ്രസിദ്ധീകരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
വത്തൽ കത്തെഴുതുന്നതിന് മുൻപ് ന്യൂ മോത്തിബാഗിലെ റസിഡന്റ്സ് വെൽഫയർ അസോസിയേഷനും ഈ കൈയേറ്റത്തിനെതിരേ ശബ്ദം ഉയർത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. 2012ൽ കോളനി ഇവിടെ സ്ഥാപിക്കുന്ന കാലം മുതൽ ക്ഷേത്രത്തിനായി സ്ഥലം കൈയേറിയിരുന്നു. വിഷയം കോടതിയിൽ എത്തിയപ്പോൾ തത്സ്ഥിതി തുടരാനാണ് നിർദേശമുണ്ടായത്. എന്നാൽ, കോടതി ഉത്തരവ് ലംഘിച്ച് കൈയേറ്റ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് വത്തൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ കോളനികളിൽ ഇത്തരം കൈയേറ്റങ്ങളും നിർമാണങ്ങളും പതിവാണെന്നാണു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
സെബി മാത്യു