കൊല്ലപ്പെട്ട പൊന്നമ്മയും പ്രതി സത്യനും പത്തു വർഷമായി ഒന്നിച്ചു താമസിച്ചത് മെഡിക്കൽ കോളജ് വളപ്പിൽ !
ഗാന്ധിനഗർ: ലോട്ടറി വിൽപനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സത്യന്റെ താവളം മെഡിക്കൽ കോളജ് ആശുപത്രി.രോഗിയോ രോഗിയുടെ കൂട്ടിരിപ്പുകാരനോ അല്ലെങ്കിലും സത്യൻ ആശുപത്രിയിലാണ് താമസം. 10 വർഷത്തിലധികമായി കൊല്ലപ്പെട്ട പൊന്നമ്മയും സത്യനും കുടുംബ ജീവിതം നയിച്ചിരുന്നത് ആശുപത്രിയിലായിരുന്നു.
ആവശ്യത്തിന് സെക്യൂരിറ്റി സംവിധാനമുള്ള മെഡിക്കൽ കോളജിൽ ഇവരുടെ സ്വൈര്യ ജീവിതത്തിന് ഒരു തടസവും ഉണ്ടായില്ല. വല്ലപ്പോഴും ബഹളം വയ്ക്കുന്പോൾ സെക്യൂരിറ്റി ഇടപെട്ട് ഒഴിവാക്കും. കുറേ സമയം കഴിയുന്പോൾ ഇവർ വീണ്ടും എത്തും. ഇതായിരുന്നു പതിവ്. പൊന്നമ്മയെ ഭാര്യയെ പോലെ കരുതിയാണ് ജീവിച്ചിരുന്നതെങ്കിലും പ്രതിക്ക് ഇടയ്ക്കിടെ പരസ്ത്രീ ബന്ധവും മോഷണവും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് ആശുപത്രി വളപ്പിൽ നിന്നും അഴുകിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റ് മോർട്ടത്തിൽ കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചതോടൊപ്പം പൊന്നമ്മയുടെ മകൾ സന്ധ്യയും അമ്മ കൊല ചെയ്യപ്പെട്ടതാണെന്ന് പോലീസിന് മൊഴി നൽകി.
അതിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരോടൊപ്പം കഴിഞ്ഞിരുന്ന സത്യനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 12.30ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരിന്നു. ഇനി അറിയേണ്ടത് ഇയാൾ ഒറ്റയ്ക്കാണോ ഈ കൃത്യം ചെയ്തത് അതോ മറ്റാരെങ്കിലും സഹായത്തിനുണ്ടോ ? . പൊന്നമ്മയുടെ കൈവശമുണ്ടായിരിന്ന പണവും സ്വർണവും എവിടെ ? തുടങ്ങിയ കാര്യങ്ങളിലും വ്യക്ത വരേണ്ടതുണ്ട്.