കൊച്ചി: പുസ്തകം വിറ്റുകിട്ടുന്ന റോയൽറ്റി തുകയിൽ ഒരു വിഹിതം ആലുവ കാർമൽ ഓൾഡേജ് ഹോമിനു നൽകി പ്രവാസി എഴുത്തുകാരന്റെ മാതൃക. ഖത്തർ എയർവേയ്സിൽ ജീവനക്കാരനായ ഷാജി മഠത്തിലിന്റെ ‘ദ സോൾ ഓഫ് ട്രൂത്ത്’ എന്ന പുസ്തകത്തിന്റെ റോയൽറ്റി തുകയാണ് അശരണരായ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സംഭാവന ചെയ്തത്.
മലയാളത്തിൽ ആദ്യമായി ത്രീഡി കവർ പേജ് പുറത്തിറക്കി ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ‘പാതിരാപ്പാട്ടിലെ തേൻനിലാ പക്ഷികൾ’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ‘ദ സോൾ ഓഫ് ട്രൂത്ത്’.എറണാകുളം ബിടിഎച്ചിൽ നടന്ന ചടങ്ങിൽ വൃദ്ധസദനത്തിലെ മദർ സുപീരിയർ സിസ്റ്റർ എലിബസത്തിന് റോയൽറ്റി തുക നൽകുന്നതിന്റെ സമ്മതപത്രം ഷാജി മഠത്തിൽ കൈമാറി.
പ്രഫ. എം.കെ. സാനു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സി.രാധാകൃഷ്ണൻ, പത്രപ്രവർത്തകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ടി.എസ്. ആശാദേവി, എം.സുഗതൻ, സിസ്റ്റർ ഹെലൻ, പുനർജനി സെക്രട്ടറി വിജയൻ പുള്ളാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.