കോഴിക്കോട്: ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കള്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അമിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കു അറിവ് പകരുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.
പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കള്‍ ചികിത്സാരംഗത്ത് വന്‍ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഇതേതുടര്‍ന്നാണ് വെല്ലുവിളികള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റേയും ലോകാരോഗ്യസംഘടനയുടെയും സഹായത്തോടെ സംസ്ഥാന ആരോഗ്യവകുപ്പും, ഭക്ഷ്യ, കൃഷി, ഫിഷറീസ് വകുപ്പുകളും ചേര്‍ന്ന് “വണ്‍ ഹെല്‍ത്ത്’ എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്.
പൊതുജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഇടയില്‍ ബോധവല്കരണം നടത്താനും, കൃഷിഭക്ഷ്യ മേഖലയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം തടയാനുമാണ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് സംസ്ഥാന ഫാര്‍മസി കൗണ്‍സിലുമായി ചേര്‍ന്ന് കുടുംബശ്രീ, കോളജ്, സ്കൂളുകള്‍, വായനശാലകള്‍ , റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും.
തെരെഞ്ഞെടുക്കപ്പെട്ട ഫാര്‍മസിസ്റ്റുകള്‍ക്ക് പരിശീലനം നല്കി ഒന്നര മണിക്കൂര്‍ വീതമാണ് ക്ലാസുകള്‍ നടത്തുന്നത്. ആദ്യത്തെ ക്ലാസ് കണ്ണൂര്‍ പാനൂരുല് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് ഒന്നോടു കൂടി എല്ലാ ജില്ലയിലും ക്ലാസുകള്‍ സംഘടിപ്പിക്കും. ഒരു വര്‍ഷം കൊണ്ട് പതിനായിരം ക്ലാസുകളാണ് ലക്ഷ്യമിടുന്നത്. കൂടാതെ ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരെയുള്ള ഡോക്യുമെന്ററികളും ഉണ്ടാകും.
ശക്തമായ രോഗാണുക്കളെ നശിപ്പിച്ച് ഗുരുതരമായ രോഗാണുക്കളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്നവയാണ് ആന്റിബയോട്ടിക്കുകള്‍. ഇവയില്ലാതെ തീവ്രപരിചരണവിഭാഗത്തില്‍ രോഗികളെ ചികിത്സിക്കാനോ, അവയവശസ്ത്രക്രിയകളോ നിയോനേറ്റീവ് കെയര്‍ യൂണിറ്റോ പ്രവര്‍ത്തിപ്പിക്കാനാവില്ല. ജീവന്‍രക്ഷാ മരുന്നായാണ് ആന്റിബയോട്ടിക്കുകള്‍ ഇന്നുപയോഗിക്കുന്നത്.
ഇപ്പോഴത്തെ അവസ്ഥയില്‍ അണുബാധ തടയാന്‍ അധികനാള്‍ ആന്റിബയോട്ടിക്കുകളെ ആശ്രയിക്കാനാവില്ല. മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം മൂലം രോഗാണുക്കള്‍ ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിനേടുകയാണ്. മുമ്പ് ആന്റിബയോട്ടിക്കുകള്‍ക്കു കീഴടങ്ങിയിരുന്ന ബാക്ടീരിയകള്‍ ജനിതകമാറ്റങ്ങളിലൂടെ ഇപ്പോള്‍ അവയ്ക്കെതിരേ പ്രതിരോധശേഷി നേടി. മരുന്നുകളുടെ ശക്തി കൂട്ടിയാലും ബാക്ടീരിയ നശിക്കില്ല. പകരം അതിന്റെ ശക്തി കൂടുകയാണ്.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് മരുന്നുകളെ വെല്ലുവിളിക്കുന്ന രോഗാണുക്കളുടെ കടന്നുവരവിന് കാരണമായത്. സ്വയംചികിത്സയാണ് മരുന്നുപ്രതിരോധമുണ്ടാക്കുന്ന മറ്റൊരു കാരണം. മരുന്നകടയില്നിന്ന് സ്വയം മരുന്നുവാങ്ങി കഴിക്കുന്നതും ഡോക്ടറുടെ പഴയ കുറിപ്പടി ഉപയോഗിച്ച് വീണ്ടും മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നതും ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗംചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നു.
രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെയും മരുന്നിന്റെ കോഴ്സ് പൂര്‍ത്തിയാക്കാതെയും മരുന്നുപയോഗം ഇടയ്ക്കു നിര്‍ത്തുന്നതും പ്രശ്നമാണ്.ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെടുന്ന രോഗാണുക്കള്‍ വരെ മരുന്ന് പ്രതിരോധശേഷി ഉള്ളവയായി മാറിയിരിക്കുകയാണ്. ഇത് ഗുരുതരമായ ഒരു പ്രശ്നത്തിലേക്കാണ് വഴിയൊരുക്കുന്നതെന്ന് കേരള ഫാര്‍മസി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.സതീശന് പറഞ്ഞു.