കോട്ടയം: മണ്‍ചട്ടിയിൽ ആവി പറക്കുന്ന കഞ്ഞി. പ്ലാവില ഈർക്കിൽ കൊണ്ടു കുത്തി തവി പോലെയാക്കി കഞ്ഞി കോരിക്കുടിക്കുക. അര നൂറ്റാണ്ടു മുൻപ് ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്നു കഞ്ഞിയും ചട്ടിയും പ്ലാവിലയുമൊക്കെ. ഇപ്പോഴിതാ പഴയ കഞ്ഞിയും മണ്ചട്ടിയുമൊക്കെ തിരികെ കൊണ്ടുവരികയാണ് താഴത്തങ്ങാടി ആലുംമൂട്ടിലെ ഫുഡ് കോർട്ട്.
മീനച്ചിലാറ്റിന്റെ തീരത്തുള്ള കെടിഡിസിയുടെ വിശ്രമ കേന്ദ്രത്തിലാണ് കഞ്ഞി ലഭിക്കുക. ആറ്റിലെ കുഞ്ഞോളങ്ങളെ കണ്ടുകൊണ്ടിരിക്കാം. കഞ്ഞിക്ക് തൊട്ടുകൂട്ടാൻ പപ്പടവും അച്ചാറും പയറും ഉണക്കമീൻ പൊടിയും. കഞ്ഞിക്കൊപ്പം മേന്പൊടിയായി നല്ല കപ്പയും. തനി നാടൻ ഭക്ഷണം കഴിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്.
വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന ആലുംമൂട് വിശ്രമകേന്ദ്രം കഴിഞ്ഞ ദിവസമാണ് ഡിടിപിസി സ്വകാര്യ വ്യക്തിക്ക് കരാറിനു നൽകിയത്. കരാറുകാരനാണ് ഫുഡ്കോർട്ട് തുടങ്ങിയിരിക്കുന്നത്. കഞ്ഞി മാത്രമല്ല ബിരിയാണി, പ്രഭാതഭക്ഷണമായി ചിരട്ടപുട്ട്, അപ്പം, ചപ്പാത്തി വൈകുന്നേരങ്ങളിൽ ചായ,കാപ്പി, ചെറുപലഹാരങ്ങൾ, ഐസ്ക്രീം എന്നിവയും ഇവിടെ ലഭ്യമാണ്.
ആളുകൾക്ക് വിശ്രമിക്കാനായി മീനച്ചിലാറിന്റെ തീരത്ത് ഇരിപ്പടങ്ങളും ഒരുക്കിയിട്ടുണ്ട്. ശുചിമുറി സൗകര്യവുമുണ്ട്.
ഇന്നലെ പ്രവർത്തനം ആരംഭിച്ച ഫുഡ് കോർട്ടിൽ ആദ്യദിവസം തന്നെ നല്ല കച്ചവടമാണ് ലഭിച്ചത്. കുമരകം റൂട്ടിലൂടെ കടന്നുപോകുന്ന ധാരാളം ആളുകൾ ഇവിടെ സന്ദർശനം നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.