അനന്തപുർ: ക്ഷേത്രത്തിനു പുറത്ത് പൂജാരി ഉൾപ്പെടെ മൂന്നുപേരെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ തനക്കൽ കോർത്തികോട്ടയിലെ ക്ഷേത്രത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നരബലിയോ ദുർമന്ത്രവാദമോ ആകാമെന്നു പോലീസ് സംശയിക്കുന്നു.
പൂജാരി ശിവരാമി റെഡ്ഡി, ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ, സത്യലക്ഷ്മിയമ്മ എന്നിവരുടെ മൃതദേഹങ്ങളാണു കഴുത്തറുത്ത നിലയിൽ ക്ഷേത്രത്തിനു തൊട്ടടുത്തുനിന്നു കണ്ടെത്തിയത്.
അതേസമയം, നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിന് ഉൾഭാഗത്ത് രക്തം തളിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അടുത്തിടെയാണ് ക്ഷേത്രം പുതുക്കി നിർമിക്കാൻ ആരംഭിച്ചത്. ശിവരാമിയും കൊല്ലപ്പെട്ട സ്ത്രീകളും ക്ഷേത്രത്തിൽ തന്നെയാണു താമസിക്കുന്നത്. മോഷ്ടാക്കൾ ഇവരെ കൊലപ്പെടുത്തിയ ശേഷം രക്തം തളിച്ചതാവാമെന്നു പോലീസ് പറയുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.
ഈ മാസം ആദ്യം കുർണൂൽ ജില്ലയിലെ നല്ലമല വനമേഖലയിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയിരുന്നു. ഇതു നരബലിയാണെന്നാണു പോലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.