സ്വന്തം ലേഖകൻ
കണ്ണൂർ: എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്റെ ഭീഷണിയിൽ എഐഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന വിദ്യാഭ്യാസ സെമിനാർ മാറ്റി. 27, 28 തീയതികളിൽ എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ചേംബർ ഹാളിലായിരുന്നു വിദ്യാർഥിസംഘടനകളെ പങ്കെടുപ്പിച്ച് സെമിനാർ ആസൂത്രണം ചെയ്തത്.
വിദ്യാഭ്യാസ പരിഷ്കാരങ്ങളും വിദ്യാർഥി സംഘടനകളും എന്നതായിരുന്നു സെമിനാർ വിഷയം. എല്ലാ വിദ്യാർഥി സംഘനാപ്രതിനിധികളെയും ഇതിലേക്ക് ക്ഷണിക്കാനായിരുന്നു നീക്കം. ആദ്യം എസ്എഫ്ഐ നേതാക്കളെ ക്ഷണിക്കാനെത്തിയപ്പോഴാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു. സെമിനാറിൽ പങ്കെടുക്കില്ലെന്ന് എസ്എഫ്ഐ നേതാക്കൾ ഭീഷണിസ്വരത്തിൽ പറഞ്ഞതോടെ എഐഎസ്എഫ് സെമിനാറിൽനിന്നു പിന്മാറുകയായിരുന്നു.
ഇതിനിടെ എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം.അഗേഷിനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി ഫോണിലൂടെ വിളിച്ച് വധഭീഷണി മുഴക്കിയെന്നും എഐഎസ്എഫ് ജില്ലാ നേതൃത്വം ആരോപിച്ചു. ഭീഷണിപ്പെടുത്തിയ സംഭവം എഐഎസ്എഫ് നേതാക്കൾ സിപിഐ ജില്ലാ നേതൃത്വത്തെ അറിയിക്കുകയും സിപിഐ നേതാക്കൾ ഇക്കാര്യം ചർച്ചചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് തത്കാലം പോലീസിൽ പരാതി നൽകേണ്ടതില്ലെന്നും സിപിഎം നേതൃത്വത്തെ സമീപിക്കാമെന്നുമാണ് സിപിഐ തീരുമാനം.