ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എസ്എംഇയിലെ പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് പരിശീലനം നല്കുന്നതു സംബന്ധിച്ച തീരുമാനം വിവാദത്തിൽ. ജില്ലാ കളക്ടർ ചെയർമാനായ ആശുപത്രി വികസന സമിതി യോഗത്തിൽ എസ്എംഇയിലെ പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നതിന് അനുമതി നല്കി. അതേ സമയം മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് ദോഷകരമാവരുതെന്ന് നിർദേശമുണ്ട്. ഇക്കാര്യം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എസ്എംഇ അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ വിദ്യാർഥികളും അവരുടെ അധ്യാപകരും തീരുമാനം അംഗീകരിക്കുന്നില്ല. എസ്എംഇയിലെ പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നല്കരുതെന്ന നിലപാടാണ് ഇവർക്കുള്ളത്. എസ്എംഇ വിദ്യാർഥികൾക്ക് പരിശീലനം നല്കാനുള്ള തീരുമാനത്തിനെതിരേ സമര രംഗത്തേക്ക് നീങ്ങുമെന്ന് മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികൾ അറിയിച്ചു.
വികസന സമിതിക്ക് ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും മെഡിക്കൽ കോളജ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. മെരിറ്റ് അടിസ്ഥാനത്തിൽ ഡിപ്ളോമ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറത്തു നിന്നുള്ള ഡിഗ്രിക്കാരായസ്വാശ്രയ പാരാ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയാൽ തങ്ങളുടെ അവസരം നിഷേധിക്കപ്പെടുമെന്നാണ് മെഡിക്കൽ കോളജ് വിദ്യാർഥികൾ പറയുന്നത്.
വർഷങ്ങളായി ഈ തർക്കം നിലനിൽക്കുകയും ഇരുകൂട്ടരും സമരരംഗത്ത് നിൽക്കുകയുമാണ്. ഇതിനിടയിലാണ് വികസന സമിതി യോഗം ചേർന്ന് എസ്എംഇ വിദ്യാർഥികൾക്ക് പരിശീലനത്തിന് അനുമതി നല്കിയത്. ഫിസിയോ തെറാപ്പി, എംഎൽറ്റി, റേഡിയോളജി, മൈക്രോബയോളജി എന്നീ ഡിഗ്രി കോഴ്സുകളും, എംബിഐ ,എം.പി.എച്ച്, മെഡിസിൻ ഡോക്ക്മെന്റേഷൻ എന്നീ പി.ജി സീറ്റുകൾക്കുമാണ് മെഡിക്കൽ കോളജിൽ പരിശീലനം നൽകുവാൻ ആശുപത്രി വികസന സമിതി തീരുമാനിച്ചത്.