പത്തനംതിട്ട: ആറന്മുള ക്ഷേത്രക്കടവിനടുത്ത് പള്ളിയോടങ്ങള്‍ അടുക്കുന്നതിന് തടസമായി നില്ക്കുന്ന മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്നതിന് 6.40 ലക്ഷം രൂപ ഉടന്‍ അനുവദിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ആറന്മുള ഉത്രട്ടാതി ജലോത്സവത്തോടനുബന്ധിച്ച ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
ആറന്മുള വള്ളംകളി നടക്കുന്ന വാട്ടര്‍ സ്റ്റേഡിയം ഉള്‍പ്പെടുന്ന പമ്പാനദിയില്‍ പ്രളയാനന്തരമുണ്ടായിട്ടുള്ള മാറ്റങ്ങള്‍ പഠിക്കുന്നതിന് ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. ഫയര്‍ഫോഴ്സിന്റെ പ്രത്യേക പരിശീലനം ലഭിച്ച സ്കൂബാ ടീമിനെ വള്ളംകളി നടക്കുന്ന സ്ഥലത്ത് വിന്യസിക്കുമെന്നും എംഎല്‍എ പറഞ്ഞു.വള്ളസദ്യ നടക്കുന്ന ദിവസങ്ങളില്‍ വള്ളം മറിഞ്ഞുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
ജലോത്സവത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ആറന്മുള സത്രത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് പറഞ്ഞു. കണ്ട്രോള് റൂമില്‍ എല്ലാവകുപ്പു തല ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഹരിതചട്ടം പാലിച്ചായിരിക്കും ആറന്മുള ഉത്രട്ടാതി ജലോത്സവം നടക്കുകയെന്നും കളക്ടര്‍ പറഞ്ഞു.ഉത്രട്ടാതി ജലോത്സവം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ഉദ്ഘാടനം ചെയ്യുമെന്ന് അറന്മുള പള്ളിയോട സേവാ സംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി പറഞ്ഞു.
ജലോത്സവത്തില്‍ ഇത്തവണ 52 പള്ളിയോടങ്ങള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ജലോത്സവ ദിനത്തിലും ട്രയല്‍ റണ്‍ ദിനത്തിലും പമ്പാനദിയില്‍ അവശ്യമായ ജലലഭ്യതയ്ക്കായി മണിയാര്‍, അള്ളുങ്കല്‍, കാരിക്കയം, പെരുന്തേനരുവി തുടങ്ങിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം പരിശോധിക്കും. തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ വിവരം ഇറിഗേഷന്‍, പി ഐപി അധികൃതര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പരിപാടിയുടെ പൂര്‍ണമായ ചുമതലയും ഏകോപന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നതിന് അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസറെ കോ ഓര്‍ഡിനേറ്ററായും കോഴഞ്ചേരി തഹസില്‍ദാരെ ജോയിന്റ് കോ -ഓര്‍ഡിനേറ്ററായും കളക്ടര്‍ ചുമതലപ്പെടുത്തി.ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ ദിനങ്ങളില്‍ തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി, റാന്നി എന്നീ ഡിപ്പോകളില്‍നിന്ന് സ്പെഷല്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തും. സെപ്റ്റംബര്‍ 15നാണ് ഉത്രട്ടാതി ജലോത്സവം. വള്ളസദ്യ ഓഗസ്റ്റ് അഞ്ചു മുതല്‍ ഒക്ടോബര്‍ ആറു വരെയും നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ ഓഗസ്റ്റ് 23ന് നടക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീല മോഹന്‍, എഡിഎം അലക്സ്.പി.തോമസ്, അടൂര്‍ ആര്‍ഡിഒ പി. റ്റി .എബ്രഹാം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. ബീന റാണി, ഡിഎംഒ(ആരോഗ്യം) ഡോ. എ. എല്‍. ഷീജ, കുടുംബശ്രീ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ. വിധു, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. അജിത്കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇറിഗേഷന്‍ ബിനു ബേബി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര് രാധാകൃഷ്ണന്, ഖജാന്‍ജി കെ. സഞ്ജീവ്കുമാര്‍, ജോയിന്റ് സെക്രട്ടറി വി. വിശ്വനാഥപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.ഉത്രട്ടാതി ജലോത്സവത്തില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് മുഖ്യാതിഥി