ആലുവ: നിരന്തരം അപകടങ്ങൾ നടക്കുന്ന കമ്പനിപ്പടി കവലയിൽ ദേശീയപാതയ്ക്ക് മുകളിലൂടെ ആകാശ നടപ്പാത നിർമിക്കാൻ പഞ്ചായത്ത് രൂപരേഖ തയാറാക്കി. ഒരു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയപാതയ്ക്ക് കുറുകെ ലിഫ്റ്റോടെയുള്ള നടപ്പാത സ്ഥാപിക്കാനാണ് ചൂർണിക്കര പഞ്ചായത്ത് ഉദേശിക്കുന്നത്. പുറമേ നിന്ന് കാണുമ്പോൾ മനോഹാരിതയുണ്ടാകുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ദേശീയ പാത നാലുവരിയാക്കിയപ്പോൾ മതിയായ സ്ഥലം ഈ ബസ് സ്റ്റോപ്പിൽ മാത്രം ഏറ്റെടുത്തില്ല. അതിനാൽ ബസ് നിർത്തുമ്പോൾ ഗതാഗത തടസം സ്ഥിരമാണ്. മാത്രമല്ല മറുപുറത്തെ ചൂർണിക്കര പഞ്ചായത്ത്, കൃഷിഭവൻ, സ്കൂൾ, ഹോമിയോ ഡിസ്പെൻസറി എന്നിവയിലേക്ക് പോകാൻ ജനങ്ങൾ റോഡിനെ കുറുകെ കടക്കുന്നതും ഇവിടെയാണ്. ദേശീയപാതയും റെയിൽവേ ട്രാക്കും രണ്ടായി മുറിച്ച നിലയിലാണ് ചൂർണ്ണിക്കര പഞ്ചായത്തിന്റെ ഭൂപ്രകൃതി.
ഒരു മിനിറ്റിൽ 35 – 45 എന്ന തോതിലാണ് പകൽ സമയത്ത് ജനങ്ങൾ റോഡ് മുറിച്ച് കടക്കുന്നത്. അതിൽ 80 ശതമാനം സ്ത്രീകളും വിദ്യാർഥികളും വൃദ്ധരുമാണ്. കുപ്പിക്കഴുത്ത് പോലുള്ള ഇവിടെത്തന്നെയാണ് കമ്പനിപ്പടി മെട്രോ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. കമ്പനിപ്പടിക്ക് മുമ്പും പിമ്പും റോഡിന് നല്ല വീതിയാണ് ഉള്ളത്. അതിനാൽ അമിത വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. ഇവിടെ യെത്തുമ്പോൾ ഗതാഗതക്കുരുക്കിൽ പെടുന്ന വാഹനങ്ങൾ നിർത്താതെ മുന്നോട്ട് പോകുന്നതിനാൽ റോഡ് മറികടക്കാൻ കാൽനട യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
ട്രാഫിക്ക് വാർഡൻമാരെ ഇവിടെ നിയമിക്കുന്നുണ്ടെങ്കിലും സ്ഥിരം സംവിധാനമല്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് ഗുണമില്ല. മീഡിയൻ എല്ലായിടത്തും തുറന്നു കിടക്കുന്നതിനാൽ കാൽനടക്കാർ തിരക്കുപിടിച്ച് അശ്രദ്ധരായാണ് കടക്കുന്നത്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് മേൽ നടപ്പാലം എന്ന സമാന്തര വഴി പഞ്ചായത്ത് നിർമിക്കുന്നത്. പഞ്ചായത്തിന് വേണ്ടി രൂപരേഖ തയാറാക്കിയത് ഹോളി ക്രസന്റ് കോളജ് ഓഫ് ആർക്കിടെക്ട് ആണ്.