കൊച്ചി: വിവിധ തലങ്ങളിൽ അന്വേഷണം പുരോഗമിക്കുന്പോഴും കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും സ്വകാര്യ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് റേവ് പാർട്ടികൾ സജീവം. ലഹരി വസ്തുക്കളടക്കം ഉൾപ്പെടുത്തി നടത്തുന്ന ഇത്തരം റേവ് പാർട്ടികളിൽ ഭൂരിഭാഗവും ഓപ്പറേറ്റ് ചെയ്യുന്നതാകട്ടെ നവമാധ്യമ കൂട്ടായ്മകളിലൂടെ.
കൊച്ചിയിലും സമീപപ്രദേശങ്ങളിൽനിന്നുമായി ഏതാനും നാളുകളായി ലഹരി വസ്തുക്കളുമായി പിടികൂടിയവരിൽനിന്നുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചിട്ടുള്ളത്. റേവ് പാർട്ടികൾക്കുവേണ്ടി മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിൽ പ്രധാന കണ്ണിയായ യുവാവിനെ ഏതാനും നാളുമുന്പാണ് എക്സൈസിന്റെ പിടിയിലായത്.
ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസിൽ അബ്ദുൾ റഷീദ് (34) ആണ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ പിടിയിലായത്. റേവ് പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്ന ന്യൂജൻ തലമുറയ്ക്ക് ബെൻസോഡിയാസൈപൈൻ എന്നറിയപ്പെടുന്ന ഡയസെപാം ഐപി മയക്കുമരുന്നാണ് ഏറെ പ്രിയമെന്നും കഞ്ചാവ് പോലുള്ള കണ്ട്രി ഡ്രഗ്ഗുകൾ ഇത്തരം പാർട്ടികളിൽ ആരും തന്നെ ഉപയോഗിക്കാറില്ലായെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായി അധികൃതർ അറിയിച്ചു.
നേരത്തേ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗമായിരുന്നു റേവ് പാർട്ടികളിൽ കൂടുതലായി നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ന്യൂജൻ ലഹരി വസ്തുക്കളുടെ ഉപയോഗമാണ് വർധിക്കുന്നത്.
എക്സൈസ് പിടികൂടിയ പ്രധാന കണ്ണിക്ക് മയക്കുമരുന്നുകൾ ലഭിച്ചതു ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ വിദേശിയിൽനിന്നാണെന്നാണു സൂചന. ഇയാൾക്കായും അധികൃതർ വലവിരിച്ചിട്ടുണ്ട്.
അതീവ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികളിൽ മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് നേരത്തേ തന്നെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടന്ന അന്വേഷണത്തിലാണു മയക്കുമരുന്നുമായി അബ്ദുൾ റഷീദ് പിടിയിലാകുന്നത്.
ഉപഭോക്താക്കൾക്കിടയിൽ ഫ്രഞ്ച് ഫ്രൈസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 105 എണ്ണം ഡയസെപാം ഐപി മയക്കുമരുന്ന് ഗുളികകൾ റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഏജൻറിന് കൈമാറാൻ ആലുവയ്ക്കടുത്ത് ചൂണ്ടിയിൽ നിൽക്കുന്പോഴാണ് ഇയാൾ ഷാഡോ സംഘത്തിന്റെ വലയിലാകുന്നത്.