ചെറായി: കുഴുപ്പിള്ളി ബീച്ചിൽ പട്ടികജാതി സെറ്റിൽമെന്റ് കോളനി, ആംഗൻവാടി എന്നിവയുടെ പരിസരത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ തുറന്ന കള്ള് ഷാപ്പ് പരിസര വാസികളുടെ എതിർപ്പിനെ തുടർന്ന് മുനന്പം പോലീസെത്തി താൽകാലികമായി അടപ്പിച്ചു. നാൽപ്പതോളം കുടുംബങ്ങൾ തിങ്ങിതാമസിക്കുന്നിടത്താണ് പുതിയ കള്ളുഷാപ്പ് തുറന്നത്. നാല് ദിവസം മുന്പ് ഇവിടെ ചില ക്ലീനിംഗ് പണികൾ നടന്നിരുന്നു.
ഏതെങ്കിലും വാടകക്കാർ താമസിക്കാൻ എത്തുന്നതിനു മുന്നോടിയായിരിക്കും ക്ലീനിംഗ് എന്നായിരുന്നു പരിസരവാസികൾ കരുതിയത്. എന്നാൽ ഇന്നലെ രാവിലെ കള്ളുഷാപ്പിന്റെ ബോർഡ് ഗേറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാർ യഥാർഥ വിവരം അറിയുന്നത്. ഇതോടെ ആളുകൾ സംഘടിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ബഹളമായപ്പോൾ മുനന്പം പോലീസും വാർഡ് മെന്പറും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. സർക്കാർ ലൈസൻസ് അനുവദിച്ചിട്ടുള്ളതാണെന്നാണ് ലൈസൻസിയുടെ വാദം.
അതേ സമയം കെട്ടിടത്തിൽ കള്ളുഷാപ്പിനുള്ള ലൈസൻസ് പഞ്ചായത്ത് നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. എന്നാൽ കെട്ടിടം ഈ അടുത്ത് വ്യാപാര ആവശ്യത്തിനുള്ളതാക്കി കെട്ടിട നികുതി അടച്ചിട്ടുണ്ട്. തർക്കം മുറുകിയ അടിസ്ഥാനത്തിൽ കാര്യങ്ങളുടെ വ്യക്തതക്ക് വേണ്ടി മുനന്പം സിഐ അഷറഫ് ഇന്ന് പരിസരവാസികളെയും ലൈസൻസിയേയും പഞ്ചായത്ത് അധികൃതരെയും ചർച്ച വിളിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ലൈസൻസ് നൽകിയ മുറക്ക് നാളെ മുതൽ പോലീസ് കാവലിൽ കള്ളുഷാപ്പ് തുറന്ന് പ്രവർത്തിക്കാനാണ് സാധ്യത.
ഷാപ്പ് പ്രവർത്തനം തുടങ്ങിയാൽ ശക്തമായ സമരത്തിനുള്ള പുറപ്പാടിലാണ് പരിസരത്തുള്ളവർ. കഞ്ചാവു മാഫിയകളും മറ്റും സ്ഥിരമായി വിഹരിക്കുന്നതിനാൽ ഇപ്പോൾ തന്നെ ഇവിടെ ജനങ്ങളുടെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കള്ളുഷാപ്പ് കൂടി പ്രവർത്തനം തുടങ്ങിയാൽ സ്ഥിതി രൂക്ഷമാകുമെന്നതിനാൽ ഷാപ്പിനു നൽകിയ ലൈസൻസ് പിൻവലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ് ആവശ്യപ്പെട്ടു. മാത്രമല്ല പഞ്ചായത്ത് ഇക്കാര്യത്തിൽ ജനങ്ങളുടെ കൂടെയാണെന്ന് പ്രസിഡന്റ് അറിയിച്ചു.