വടക്കഞ്ചേരി: കിഴക്കഞ്ചേരി കണിച്ചിപരുതക്കടുത്ത് പെരുംപരുതയിലെ കുറ്റിക്കാട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണം തുടങ്ങി. കണിച്ചിപരുത കൊടുംന്പാല ചേക്കയിൽ വർഗീസിന്റെ ഭാര്യ സിസിലിയെ(68) യാണ് ഇന്നലെ വൈകുന്നേരം കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു.
മുഖം തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. സമീപത്തുനിന്നും ഒരു കുടയും ചെരുപ്പും ഒരു ഷർട്ടും കണ്ടെത്തി. പോലീസ് സർജന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന്പോസ്റ്റ്മോർട്ടം നടത്തും. അതിനു ശേഷമേ മരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ, പോലീസ് നായ തുടങ്ങിയ അന്വേഷണ വിഭാഗങ്ങൾ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ഭർത്താവുമായി പിണങ്ങി ഒറ്റക്ക് താമസിക്കുന്ന ഇവർ താമസസ്ഥലത്തുനിന്നു മൂന്ന് കിലോമീറ്റർ ദൂരെയുള്ള എസ്റ്റേറ്റിലാണ് പണിയെടുക്കുന്നത്. പാചകവും തോട്ടം പണിയുമായാണ് ഇവർ കഴിയുന്നത്. ദിവസവും പുലർച്ചെ അഞ്ചുമണിക്ക് ശേഷം ഇവർ ആളൊഴിഞ്ഞ പൊന്തക്കാട്ടിലൂടെ നടന്നാണ് തോട്ടത്തിലെത്തുക. ഉച്ചക്ക് വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും.എന്നാൽ തിങ്കളാഴ്ച രാവിലെ തോട്ടത്തിൽ പോയ ഇവർ ഉച്ചക്ക് വീട്ടിൽ തിരിച്ചെത്തിയില്ല.
പാലക്കുഴിയിലുള്ള മകളുടെ മകൾ ഇന്നലെ ഉച്ചക്ക് കൊടുന്പാലയിലെ വീട്ടിലെത്തിയപ്പോൾ അമ്മൂമ്മയെ കണ്ടില്ല. എസ്റ്റേറ്റിലേക്ക് വിളിച്ച് ചോദിച്ചപ്പോൾ അവിടേയും എത്തിയിട്ടില്ലെന്ന് പറഞ്ഞു. സിസിലിയുടെ മൊബൈലും സ്വിച്ച് ഓഫായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും തോട്ടം തൊഴിലാളികളുമെല്ലാം നടത്തിയ തെരച്ചിലിലാണ് ഇവർ നടന്നു പോകാറുള്ള കുറുക്കുവഴിയിൽ നിന്നു മാറി ചെരിഞ്ഞ പ്രദേശമായ കരിങ്കൽ പൊട്ടിച്ചെടുത്ത കുഴിക്കടുത്തെ പൊന്തക്കാട്ടിൽ മൃതദ്ദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയത്.
എടുത്ത് കിടത്തിയതുപോലെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കണ്ട സ്ഥലത്ത് രാത്രി പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഈ പ്രദേശങ്ങളിൽ കഞ്ചാവ് സംഘങ്ങളും മദ്യപസംഘങ്ങളും കേന്ദ്രീകരിക്കാറുണ്ടെന്ന് പറയുന്നു.പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം ഇന്ന് വൈകുന്നേരം 4.30 ന് വചന ഗിരി സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കും.