കോഴിക്കോട്: നഗരത്തിലെ ചില ബാറുകളലും ഹോട്ടലുകളിലും ലുങ്കി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോഴിക്കോടന്‍ കൂട്ടായ്മ രംഗത്ത്. വസ്ത്ര വരേണ്യത്തിനെതിരേ “സീ ക്യൂന്‍ ‘ഹോട്ടലിലേക്കാണ് ലുങ്കി സമരവുമായി കൂട്ടായ്മ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. ടൗണ്‍ഹാളിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് സീ ക്യൂന്‍ ഹോട്ടലിന് മുന്നില്‍ സമാപിച്ചു.
ശനിയാഴ്ച രാത്രി നഗരത്തിലെ സീ ക്യൂന്‍ ഹോട്ടലിലെ ബാറിലേക്ക് സുഹൃത്തുക്കളോടൊപ്പം ലുങ്കിധരിച്ചത്തിയ ചേലേമ്പ്ര സ്വദേശി അബ്ദുള്‍ കരീമിനെ ജീവനക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ലുങ്കിയുടുത്തവര്‍ക്ക് പ്രവേശനമില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അതേസമയം ആളുകള്‍ക്കിടയില്‍ ലുങ്കി അഴിച്ച് റിസപ്ഷനിസ്റ്റുകള്‍ക്ക് ബലമായി നല്‍കുകയായിരുന്നുവെന്നാണ് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നത്.