തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ തമ്മിലുള്ള തർക്കം സംസാരിച്ചു തീർക്കാമെന്നു പറഞ്ഞപ്പോൾ അടിച്ചു തീർക്കാമെന്നായിരുന്നു യൂണിറ്റ് സെക്രട്ടറി നസിം പറഞ്ഞതെന്നും തന്റെ നെഞ്ചിൽ കുത്തിയത് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തായിരുന്നുവെന്നും കുത്തേറ്റ എസ്എഫ്ഐ പ്രവർത്തകൻ അഖിലിന്റെ മൊഴി.
ഇന്നലെ സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു നല്കിയ മൊഴിയിലാണ് അഖിൽ ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർമാരോടും ഇതേ മൊഴി തന്നെയാണ് അഖിൽ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണസംഘം മെഡിക്കൽ കോളജിൽ എത്തിയിരുന്നെങ്കിലും മൊഴിയെടുക്കാൻ സാധിച്ചത് ഇന്നലെയാണ്.
നസിം തന്നെ പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത്ത് കുത്തുകയുമായിരുന്നെന്നാണ് അഖിലിന്റെ മൊഴി. രണ്ടു ദിവസമായി തന്നെയും സുഹൃത്തുക്കളെയും ആക്രമിക്കാൻ യൂണിറ്റ് ഭാരവാഹികൾ പദ്ധതിയിടുകയായിരുന്നു. കുറച്ചു നാൾ മുന്പ് മോട്ടോർ സൈക്കിൾ ശിവരഞ്ജിത്തും നസീമും ചേർന്ന് അടിച്ചു തകർത്തിരുന്നു. തുടർന്ന് സിപിഎം ജില്ലാ നേതൃത്വത്തിനു പരാതി നല്കി.
ഇതിലും പ്രതികൾക്ക് തന്നോടു നീരസമുണ്ടായിരുന്നുവെന്നും അഖിൽ മൊഴി നല്കി. കോളജ് കാന്റീനിൽ ഇരുന്നു പാട്ടുപടിയതാണ് സംഭവങ്ങളുടെ തുടക്കം. എസ്എഫ്ഐ യൂണിറ്റ് അംഗമായ ഒരു പെണ്കുട്ടി ഇതിനെ എതിർത്തു. എതിർപ്പ് കാര്യമാക്കാതെ പാട്ട് തുടർന്നു. ഇതോടെ പെണ്കുട്ടി യൂണിറ്റിനു പരാതി. ഇതോടെ യൂണിറ്റ് അംഗങ്ങൾ ഇടിമുറിയിൽ കൊണ്ടുപോയി ഉപദ്രവിച്ചു.
അടുത്ത ദിവസം മരത്തണലിൽ ഇരുന്നവരോട് എഴുന്നേറ്റു പോകാൻ നിർദേശിച്ചതും തർക്കത്തിനിടയാക്കി. സംസാരിക്കാമെന്നു പറഞ്ഞ് അടുത്തു ചെന്നപ്പോൾ നസിം അടിച്ച് തീർക്കാമെന്നാണു പറഞ്ഞു. തുടർന്നാണ് സംഘർഷത്തിനും ഒടുവിൽ കത്തിക്കുത്തിലേക്കും കലാശിച്ചതെന്നും അഖിൽ മൊഴി കൊടുത്തു. 25ഓളം വരുന്ന സംഘമാണ് അക്രമിക്കാനായി എത്തിയത്.
കൃത്യസമയത്ത് എത്തിച്ചതിനാൽ ആണ് അഖിലിനെ രക്ഷപ്പെടുത്താൻ സാധിച്ചതെന്നും മരണം വരെ സംഭവിക്കാവുന്ന മുറിവാണ് ഉണ്ടായിരുന്നതെന്നും ഡോക്ടർമാർ അന്വേഷണ സംഘത്തിനു മൊഴി നല്കി. ഒന്നര ലിറ്റർ രക്തം വാർന്നുപോയിരുന്നു.അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാലാണ് ജീവൻ രക്ഷിക്കാനായതെന്നും ഡോക്ടർമാർ മൊഴി നല്കി.