കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം യുവാക്കളെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത ചേർത്തല അരൂക്കുറ്റി വടുതല ചെട്ടി പറന്പിൽ മനീഷ് പ്രകാശ് (23), എറണാകുളം മൊണാസ്ട്രി റോഡിൽ മേലെകാട്ടുപറന്പ് അജിത്ത് (23), ഇയാളുടെ സഹോദരനായ അരുണ് രാജ് (25) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ അരങ്ങേറിയ കവർച്ചക്കേസിൽ സിസിടിവി ദൃശ്യങ്ങളാണു പ്രതികളെ കുടുക്കിയത്. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുള്ള ബാറിന് സമീപംനിന്നിരുന്ന കളമശേരി സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചശേഷം യുവാവിന്റെ കഴുത്തിൽ കിടന്ന ഒന്നരപവൻ തൂക്കമുള്ള സ്വർണമാല പ്രതികൾ കവരുകയായിരുന്നു.
തടയാൻ ശ്രമിച്ച യുവാവിനെയും സുഹൃത്തിനെയും കത്തിയും ബിയർ കുപ്പിയും വീശി ഭയപ്പെടുത്തിയശേഷം പ്രതികൾ സ്ഥലത്തുനിന്നു കടന്നു. യുവാവിന്റെ പരാതിയിൽ സെൻട്രൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് സംഭവസ്ഥലത്തുനിന്നു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതിയെ രാജാജി റോഡിലുള്ള ഫ്രണ്ട്സ് ലോഡ്ജിൽനിന്ന് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ രണ്ടും മൂന്നും പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുകയും സഹോദരങ്ങളായ ഇവരെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്യുകയുമായിരുന്നു.
കവർച്ചചെയ്ത മാലയുടെ ഒരു ഭാഗം ഒന്നാം പ്രതി താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ നിന്നു കണ്ടെടുത്തു. എസിപി കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ സിഐ എസ്. വിജയശങ്കർ. എസ്ഐമാരായ വിബിൻദാസ്, കെ.സുനുമോൻ, സീനിയർ സിപിഒമാരായ അനീഷ്, അനിൽ, സിപിഒ ഇഗ്നേഷ്യസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.