കൊച്ചി: നിർമാണത്തിന് അനുവദിച്ച തുകയിൽ കുടിശിക വന്നതോടെ വൈറ്റില മേൽപ്പാലം നിർമാണം കരാറുകാരൻ നിർത്തിവച്ചു. 13 കോടി രൂപയാണു കുടിശികയായിരിക്കുന്നത്. പണികൾ നിറുത്തി വയ്ക്കുകയാണെന്നു ചൂണ്ടിക്കാട്ടി കരാറുകാരായ തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കണ്സ്ട്രക്ഷൻ കന്പനി കേരള റോഡ്സ് ഫണ്ട് ബോർഡിനും കിഫ്ബിക്കും കത്തുനൽകി.
78 കോടി രൂപയ്ക്കാണ് കരാറുകാർ പ്രവൃത്തി ഏറ്റെടുത്തിരുന്നത്. മേൽപ്പാലത്തിന്റെ പുതുക്കിയ കരാറിന് കിഫ്ബി അനുമതി നൽകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നു കരാർ കന്പനി അധികൃതർ പറഞ്ഞു. ആദ്യം അംഗീകരിച്ച രൂപരേഖയിലും എസ്റ്റിമേറ്റിലും ഏതാനും മാറ്റങ്ങൾ വരുത്തിയതാണു പുതുക്കിയ കരാർ.
പൊതുമരാമത്തു വകുപ്പിന്റെയും മറ്റ് സാങ്കേതിക കമ്മിറ്റികളുടെയും അംഗീകാരം ലഭിച്ചശേഷം ഫണ്ടിംഗ് ഏജൻസിയായ കിഫ്ബിക്ക് കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ല. നിർമാണം പുരോഗമിക്കുന്നതിനിടെ ഓരോ ബില്ലുകളും മാറി തുക നൽകുന്പോൾ കോടികളുടെ കുറവാണുണ്ടാകുന്നതെന്നു കരാറുകാർ ചൂണ്ടിക്കാട്ടി. പുതുക്കിയ കരാർ പ്രകാരമുള്ള നിർമാണങ്ങളുടെ തുക ലഭിക്കണമെങ്കിൽ കിഫ്ബിയുടെ അംഗീകാരം ലഭിക്കണം.
ഡിസംബറിൽ നിർമാണം പൂർത്തിയാക്കി പാലം തുറന്നുനൽകുമെന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നതെങ്കിലും പണി നിലച്ചതോടെ ഇത് നീണ്ടുപോകാനാണു സാധ്യത. അതിനിടെ ബലക്ഷയത്തെത്തുടർന്ന് അടച്ചിട്ട പാലാരിവട്ടം മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. ഭോപ്പാലിൽനിന്നു നിർമാണസാമഗ്രികൾ എത്താത്തതാണ് കാരണമെന്ന് അധികൃതർ പറഞ്ഞു. വൈറ്റിലയിലും പാലാരിവട്ടത്തും നിലവിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിർമാണപ്രവൃത്തികൾ വൈകുന്നതു വഴി അടുത്തൊന്നും യാത്രാദുരിതം തീരില്ലെന്ന് ഉറപ്പ്.