കോഴിക്കോട്: നഗരത്തിന്റെ മുഖച്ഛായമാറ്റാന്‍ പാര്‍ക്കിംഗ് പ്ലാസകള്‍ വരുന്നു. ഏറെകാലത്തിനുള്ള കാത്തിരിപ്പിനുശേഷം ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. കിഡ്സണ്‍ കോര്‍ണറിലും ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്തുമാണ് ബിഒടി ( ബിൽഡ് -ഓപറേറ്റ് ആന്റ് ട്രാൻസ്ഫർ) വ്യവസ്ഥയിൽ പാര്‍ക്കിംഗ് സംവിധാനം വരുന്നത്. മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനമാണ് ലക്ഷ്യമിടുന്നത്.
കിഡ്സണ്‍ കോര്‍ണറില്‍ നിര്‍മിക്കുന്ന പ്ളാസയില്‍ എകദേശം 15 ശതമാനത്തോളം സ്ഥലത്ത് 224 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാകുക. അതേസമയം സ്റ്റേഡിയത്തിന് സമീപത്ത് 550 കാറുകള്‍ക്കും 800 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. 20 നിലകളിലായിരിക്കും ഇവിടെ പ്ലാസ നിര്‍മിക്കുക. ഇതിനായി സര്‍വീസ് പ്രൊവൈഡറായി സെന്റര്‍ ഫോര്‍ മാനേജ് മെന്റ് സ്റ്റഡീസ്(സിഎംഡി) യെ ചുമതലപ്പെടുത്തിയതായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഇന്നലെ കൗണ്‍സിലിനെ അറിയിച്ചു. ഇവര്‍ ഡിപിആര്‍ തയ്യാറാക്കി ടെന്‍ഡര്‍ ചെയ്യും.
നൂറുകോടി രൂപയാണ് രണ്ടു പ്ളാസകൾക്കുമായി ചെലവ് പ്രതീക്ഷിക്കുന്നത്. നഗരസഭയ്ക്കോ സർക്കാരിനോ നയാപൈസ മുതൽമുടക്ക് ഉണ്ടാവില്ലെങ്കിലും 30 വർഷത്തേക്ക് നഗരസഭയുടെ ഭൂമി സ്വകാര്യ വ്യക്തിയുടെ കൈയിലാകും.
ഒരു കോടി രൂപയാണ് സിഎഡിയുടെ കണ്‍സള്‍ട്ടന്‍സി ഫീസ്.പ്രപ്പോസ്ഡ് ചാര്‍ജായി 43,55,000 രൂപയും നല്‍കണം. 25- 30 വര്‍ഷം കൊണ്ട് ലാഭമുണ്ടാക്കി കോര്പറേഷന് കൈമാറുന്ന തരത്തിലായിരിക്കും
പദ്ധതി നടപ്പിലാക്കുക. അതേസമയം ഇക്കാലയളവില്‍ ഗ്രൗണ്ട് ഫ്ളോർ നഗരസഭയ്ക്ക് സ്വന്തമായിരിക്കും. ഇതിലൂടെ മറ്റുതരത്തിലുള്ള വരുമാനം നഗരസഭയ്ക്കുണ്ടാകുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് കൗണ്‍സിലിനെ അറിയിച്ചു. കോര്പറേഷന് പ്രത്യേക ചിലവുകളൊന്നും വരാത്ത രീതിയിലാണ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കാന്‍ പോകുന്നതെന്നും മേയര്‍ അറിയിച്ചു.
എന്നാല്‍ അജണ്ട കൗണ്‍സിലില്‍ എത്തിയതോടെ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കണ്‍സള്‍ട്ടന്‍സി ഫീയായി ഒരു കോടി നല്കുന്നതില് അഴിമതിയുണ്ടെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. അജണ്ട മാറ്റവയ്ക്കണമെന്ന ആവശ്യം മേയര്‍ അംഗീകരിച്ചില്ല.