മുക്കം: വയനാട്ടിൽ വിവാഹം കഴിഞ്ഞു വരുന്ന മലപ്പുറം കൊളത്തൂർ സ്വദേശികളുടെ വാഹനം പോലീസ് ജീപ്പിൽ തട്ടിയതോടെ ഇന്നലെ രാത്രി മുക്കത്ത് അരങ്ങേറിയത് നാടകീയ രംഗങ്ങൾ. രാത്രി എട്ടിനാണ് പ്രശ്നങ്ങളുടെ തുടക്കം. മുക്കം ഫെഡറൽ ബാങ്കിന് സമീപത്തായി സംശയാസ്പദമായ രീതിയിൽ കണ്ട ഇരുചക്രവാഹനം പരിശോധിക്കുകയും യാത്രക്കാരന്റെ വിവരം ശേഖരിക്കുകയുമായിരുന്നു മുക്കം എസ്ഐ ഷാജിദും സംഘവും.
ഈ സമയത്ത് വയനാട് ഭാഗത്ത് നിന്ന് വിവാഹം കഴിഞ്ഞ് വരുന്ന സംഘം സഞ്ചരിച്ച സ്കോർപ്പിയോ കാർ പോലീസ് ജീപ്പിൽ ഇടിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു കാർ ജീപ്പിലിടിച്ചത്. ഇതോടെ സംഘത്തോട് സ്റ്റേഷനിലെത്താൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയ സംഘത്തോട് വാഹനം വിട്ടുതരാൻ സാധിക്കില്ലന്നും മറ്റൊരു വാഹനം വിളിച്ച് സ്ഥലത്തെത്തിക്കാമെന്നും എസ്ഐ പറഞ്ഞങ്കിലും ഇവർ പോവാൻ കൂട്ടാക്കിയില്ലെന്ന് പോലീസ്പറയുന്നു.
അതിനിടെ വാഹനത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവും മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തംഗവുമായ ഷാജീർ വാഹനം വിട്ടുതരണമെന്നാവശ്യപ്പെട്ടങ്കിലും പോലീസ് തയാറായില്ല. സർക്കാർ വാഹനങ്ങളിൽ മറ്റ് വാഹനങ്ങൾ ഇടിച്ചു കഴിഞ്ഞാൽ നിയമപരമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധിച്ച ശേഷം മാത്രമേ വിട്ടു നൽകാൻ പാടുള്ളൂ എന്ന പോലീസ് ഭാഷ്യം യാത്രക്കാരിൽ ചിലരും അംഗീകരിച്ചില്ല. അതിനിടെ മുക്കം സ്റ്റേഷനിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ തടഞ്ഞുവച്ചതായി പറഞ്ഞ് ഷാജീർ ഫേസ് ബുക്ക് ലൈവിലെത്തിയതോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞു.
ഷാജീറിന്റെ ഫേസ് ബുക്ക് ലൈവ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ നേതാവ് പോലീസിനോട് തട്ടിക്കയറുകയും ഇത് വീണ്ടും വാക്കുതർക്കത്തിന് കാരണമാവുകയും ചെയ്തു. ഇതോടെ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഷാജീറിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. സംഭവമറിഞ്ഞ് മുക്കത്തെ ഡിവൈഎഫ്ഐ ,സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്തങ്ങൾക്കൊടുവിൽ രാത്രി ഒന്നോടെ സംഘം തിരിച്ചു പോവുകയായിരുന്നു.
പോലീസിന്റെ ഭാഗത്ത് നിന്ന് തീർത്തും മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ഷാജിർ പറഞ്ഞു. ഇത്തരം ചില പോലീസുകാരാണ് മൊത്തം പോലീസിനും നാണക്കേട് ഉണ്ടാക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം സ്റ്റേഷനിൽ കുടുങ്ങിയത് ഇതിന് ഉദാഹരണമാണന്നും ഷജീർ പറഞ്ഞു. തങ്ങളെ കെഎസ്ആർടിസിയിൽ കയറ്റി വിടാമെന്നാണ് പോലീസ് പറഞ്ഞതെന്ന് മറ്റ് യാത്രക്കാരും പറയുന്നു.