വടക്കഞ്ചേരി: കണിച്ചിപ്പരുതയ്ക്കടുത്ത് കൊടുമ്പാല പെരുംപരുത പാറക്കുന്നിലെ കുറ്റിക്കാട്ടിൽവെച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയകേസിൽ പോലീസ് അന്വേഷണം വിവിധതലങ്ങളിൽ ആരംഭിച്ചു. പ്രദേശത്തെ വീടുകളിലും മറ്റുംകയറി പ്രാഥമിക പരിശോധനകൾ തുടങ്ങി. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സിഐ ബി. സന്തോഷ്, എസ്ഐ, എ എസ് ഐമാർ, മറ്റു കുറ്റാന്വേഷണ വിഭാഗങ്ങൾ എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസന്േവേഷണം നടത്തുന്നത്.
ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരാകാം കൃത്യത്തിന് പിന്നിലെന്നാണ് ആദ്യ വിലയിരുത്തലുകൾ. കഞ്ചാവ് ഉൾപ്പടെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന സംഘങ്ങൾ ഈ പാറക്കുന്നിലെ പൊന്തക്കാടുകളിൽ കേന്ദ്രീകരിക്കാറുണ്ട്. മദ്യപ സംഘങ്ങളുടെ താവളവും ഇവിടെയാണ്. തിങ്കളാഴ്ച രാവിലെ ആറിന് മുന്പ് സംഭവം നടന്നിരിക്കാമെന്നാണ് നിഗമനം. ഇതിനാൽ പ്രദേശവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം ഉൗർജിതമാക്കും.
ഇത്ര അതിരാവിലെ പുറമെനിന്നുള്ള ഒരാൾ പൊന്തക്കാടായ സ്ഥലത്ത് എത്തിചേരാൻ ബുദ്ധിമുട്ടാണ്. സുബോധമുള്ളവർ ഈ കൃത്യം ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മരിച്ച സിസിലി പ്രായാധിക്യത്തിന്റെ അവശതകളും അസുഖങ്ങളുമായി നന്നേ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു. ശ്വാസം മുട്ടലും തൈറോഡിന്റെ പ്രശ്നങ്ങളുണ്ട്. ഇതിനെല്ലാം മരുന്ന് കഴിച്ചാണ് കഴിഞ്ഞിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.
മുക്കം മൂന്നേലിൽ കുടുംബാംഗമാണ് സിസിലി. അതിരാവിലെ അഞ്ചരയോടെ ഇവർ വീട്ടിൽ നിന്നും തോട്ടത്തിലേക്ക് പണിക്ക് പോകും. വീട്ടിൽ നിന്നും സംഭവം നടന്ന പാറക്കുന്ന് വഴി കുറ്റിക്കാട്ടിലൂടെ മൂന്ന് കിലോമീറ്ററോളം കുറുക്കുവഴികളില്ലാതെ നടന്നാണ് പണിയെടുക്കുന്ന കുന്നേൽ എസ്റ്റേറ്റിലെത്തുക. പാചകവും തോട്ടത്തിലെ മറ്റുപണികളുമാണ് ഇവർ ചെയ്തിരുന്നത്. ഭാരപ്പെട്ട പണികളൊന്നും ചെയ്തിരുന്നില്ലെന്ന് മക്കൾ പറഞ്ഞു.
37 വർഷമായി ഇതേ വഴിയിലൂടെ തന്നെയായിരുന്നു യാത്ര. ആനയും കാട്ടുപന്നിയും പുലിയുമെല്ലാം വിഹരിക്കുന്ന പ്രദേശമാണ് ഇത്. ഇത്രയും വർഷമായതിനാൽ പ്രദേശവാസികൾക്കെല്ലാം ഇവരെ അറിയാം. ഇവരെ കാണാതായപ്പോൾ ഏതെങ്കിലും വന്യമൃഗം ആക്രമിച്ചിരിക്കുമോ എന്ന ആശങ്കയായിരുന്നു എല്ലാവർക്കും. നാലുമാസം മുന്പ് ഇവർ കുറുക്കുവഴിക്ക് പോകുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. എന്നാൽ നല്ല ധൈര്യവതിയായ ഇവർ വഴിയിൽതന്നെ നിന്നു. ആനമാറിപോവുകയും ചെയ്തു.
സമീപവാസികൾ അതിരാവിലെ മലവിസർജനത്തിന് എത്തുന്ന പ്രദേശംകൂടിയാണ് പാറക്കുന്നിലെ പൊന്തക്കാടുകൾ. ഇവിടുത്തെ ചെറിയ കരിങ്കൽ ക്വാറിയിലും കുന്നിന് മുകളിലെ പാറക്കുണ്ടിലും വെള്ളമുണ്ടാകും. ഇതിനു താഴെ പാറയിടുക്കിലും ശുദ്ധമായ ഉറവയുണ്ട്. പണിക്ക് പോകുന്പോൾ ഇവർ താലിമാല ഉൗരി വീട്ടിൽവെക്കും. രണ്ട് ചെറിയ കമ്മൽ മാത്രമാണ് ധരിക്കാറുള്ളത്. ഈ കമ്മലുകൾ മൃതദേഹത്തിലുണ്ടായിരുന്നു. പണവും ഇവർ കയ്യിൽ കരുതാറില്ലെന്ന് വീട്ടുകാർ പറഞ്ഞു.
ഒരു കുപ്പിവെള്ളവും പണിചെയ്യുന്പോൾ ധരിക്കാറുള്ള പേരക്കുട്ടിയുടെ ഒരു ഷർട്ടുമാണ് കവറിലുണ്ടാകുക. വീട്ടമ്മയ്ക്കായി നടത്തിയ തെരച്ചിലിൽ കരിങ്കൽക്വാറിയിൽ നിന്നും ഈ ഷർട്ടാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തെ പൊന്തക്കാട്ടിൽ മൃതദേഹവും കാണപ്പെട്ടത്. പ്രതികളെ വൈകാതെ വലയിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.