വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ സിപിഎം സ്വതന്ത്ര അംഗം ഷംസുദീൻ നടക്കാവിൽ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ രഹസ്യ നീക്കം നടക്കുന്നതായി പരാതി. വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കേസ് ഇല്ലാതാക്കാൻ ശ്രമം നടത്തുന്നതായി ജില്ലാ ചൈൽഡ് ലൈൻ അധികൃതരാണ് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയത്. പുറമെ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തിൽ കേസ് ഒത്തുതീർപ്പാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവർ പീഡനത്തിനിരയായ കുട്ടിയെ സ്വാധീനിക്കുന്നതായും പരാതിയിലുണ്ട്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചു കൊണ്ടാണ് കുട്ടി താമസിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അതേസമയം കുട്ടിയുമായി സിഡബ്ല്യുസി ഇന്നലെ മഞ്ചേരിയിൽ നടത്തിയ സിറ്റിങ്ങിൽ ഒത്തുതീർപ്പിനു ശ്രമിക്കുന്നയാളുകൾ എത്തിയതായി ആരോപണം ഉയർന്നു. സംഘം കുട്ടിയുമായി സംസാരിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്.
എന്നാൽ ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസാണെന്നും സിറ്റിംഗ്് നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് ഒത്തുതീർപ്പിനുള്ളവർ എത്തിയതായി അറിയില്ലെന്നും ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പറഞ്ഞു. പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നു വീഴ്ചയുണ്ടാതായും പോലീസിന്റെ അലംഭാവം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പീഡനക്കേസിലെ ഇരയായ കുട്ടിയെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി രക്ഷിതാക്കൾക്കൊപ്പം വിട്ടു. രക്ഷിതാക്കൾ നൽകിയ അപേക്ഷയും കുട്ടിയുടെ താൽപര്യവും പരിഗണിച്ചാണ് സിഡബ്ല്യൂസിയുടെ തീരുമാനം. അഞ്ച് നിബന്ധനകൾ മുൻനിർത്തിയാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടത്.
കുട്ടിയോ രക്ഷിതാക്കളോ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കരുത്. കുട്ടിയെ സ്കൂളിൽ ചേർത്തി വിദ്യാഭ്യാസം നൽകണം. കുട്ടിക്ക് ആവശ്യമെങ്കിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ചുമതലയുള്ള സ്പെഷൽ പോലീസ് ജുവനൈൽ യൂണിറ്റിലെ ഡിവൈ എസ്പി സംരക്ഷണം നൽകണം കുട്ടി ഭീഷണിയോ സമ്മർദമോ നേരിട്ടാൽ ഡിവൈഎസ്പി റിപ്പോർട്ട് നൽകണം.
ഏതെങ്കിലും ഒരു നിർദേശം ലംഘിക്കപ്പെട്ടാൽ കുട്ടിയെ വീണ്ടും മഞ്ചേരിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ അഞ്ച് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടത്.
പോലീസിൽ വിശ്വാസമില്ലെന്നു കുട്ടിയുടെ മൊഴി
മഞ്ചേരി: കേസ് അന്വേഷിക്കുന്ന വളാഞ്ചേരി പോലീസിൽ വിശ്വാസമില്ലെന്ന് വളാഞ്ചേരി പീഡനക്കേസിലെ ഇരയായ കുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സിറ്റിംഗിൽ മൊഴി നൽകി. ഇക്കാര്യം സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിട്ടുമുണ്ട്. ഇതോടെ കുട്ടിയുടെ സംരക്ഷണ ചുമതല സ്പെഷൽ പോലീസ് ജുവനൈൽ യൂണിറ്റിലെ ഡിവൈഎസ്പിക്ക് കൈമാറിയതായി സിഡബ്ല്യുസി ചെയർമാൻ ഷാജേഷ്് ഭാസ്കർ പറഞ്ഞു.