തളിപ്പറമ്പ്: ടാക്സില്ല, ടിഡിഎസില്ല, ലൈസന്‍സില്ല കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നടന്ന ബീഡിവില്പനയിലൂടെ പയ്യന്നൂര്‍ കുന്നരുവിലെ വി.രാജീവന് കൊയ്തുകൂട്ടിയത് കോടികള്‍. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ വ്യാജബീഡി നിര്‍മിച്ചു വില്പന നടത്തിയതിന് അറസ്റ്റു ചെയ്ത രാജീവനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
ജന്മനാടായ കുന്നരുവില്‍ ചായപ്പൊടി വില്പനക്കാരനായും കൂര്‍ഗില്‍ ഹോട്ടല്‍ നടത്തിപ്പുകാരനായും അറിയപ്പെടുന്ന രാജീവന് അടുത്തിടെ അരവഞ്ചാലില്‍ 35 ലക്ഷം രൂപയ്ക്ക് നാലേക്കര്‍ ഭൂമി വാങ്ങിയതായും പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് തമിഴ്നാട്ടിലെ തേനിയിലും കമ്പത്തും റിസോർട്ട് ഉള്‍പ്പെടെയുള്ള വന്‍ സംരംഭങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ ശിവകാശിയിലും തിരുച്ചിറപ്പള്ളിയിലും തളിപ്പറമ്പ് പോലീസ് ഉടന്‍ അന്വേഷണം നടത്തും. വ്യാജ ലേബല്‍ പ്രിന്റ് ചെയ്ത് എത്തിക്കുന്ന ശിവകാശിയിലെ മുരുകന് ഉള്‍പ്പെടെയുള്ളവരെ ഈ കേസില്‍ പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു. മറ്റൊരു പ്രതി തിരുച്ചിറപ്പള്ളി സ്വദേശി ജോണ്സണ് അവിടെ 300 സ്ത്രീകളെ ഉപയോഗിച്ചാണ് വ്യാപകമായി ബീഡി നിര്‍മിക്കുന്നത്.
ബീഡി കെട്ടുന്ന നൂലുകളുടെ നിറത്തിൽ മാത്രമാണ് ഇവര്‍ കാര്യമായ വ്യത്യാസം വരുത്തുന്നത്. ബംഗാളികള്‍ വ്യാപകമായി ജോലി ചെയ്യുന്ന കേരളത്തില്‍ വ്യാജ ദിനേശ്ബീഡി തന്നെ ബംഗാളി ബീഡിയുടെ കവറുകളില്‍ വിതരണം ചെയ്യുന്നതും രാജീവന് തന്നെയാണ്. കോഴിക്കോട്ടെ കോയ, താമരശേരിയിലെ രാജീവന് എന്നിവരും കേരളത്തില്‍ വ്യാജബീഡി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നും രാജീവനെ അറസ്റ്റ് ചെയ്തതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 26 ന് അറസ്റ്റിലായ പുതിയതെരു അരയമ്പേത്തെ പ്രവീണിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലും ഇയാളുടെ ഫോണ്‍ പരിശോധനയിലും പിണറായി സ്വദേശിയായ രാജന് എന്നയാള്‍ക്കും വ്യാജബീഡി വിപണനത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റു ഭയന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിരിക്കയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
മിഴ്നാട്ടിലെ പ്രമുഖ ബീഡിക്കമ്പനിയായ കാജാ ബീഡിയുടെ തകര്‍ച്ചയ്ക്ക് കാരണവും ഇതേ സംഘം തന്നെയാണെന്നും പോലീസ് പറഞ്ഞു. കാജാ ബീഡിയുടെ വ്യാജന് വിപണനം നടത്തി തുടങ്ങിയതോടെയാണ് കമ്പനി വന്‍ തകര്‍ച്ച നേരിട്ടത്. കേരളത്തില്‍ ദിനേശ്ബീഡിയുടെ തകര്‍ച്ചയ് ക്ക് മുഖ്യകാരണമായത് ഇത്തരത്തിലുള്ള വ്യാജബീഡികള് വ്യാപകമായി വിറ്റഴിക്കപ്പെട്ടതാണ്. സര്‍ക്കാരിലേക്ക് ഒരു തരത്തിലുള്ള നികുതികളും അടയ്ക്കാതെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചായിരുന്നു മുഴുവന്‍ വില്പനയും.
ഇടനിലക്കാരനായ ഏജന്റുമാരും ഉത്പാദകരും വലിയ ലാഭത്തിലൂടെ കോടീശ്വരന്മാരായി മാറിയെങ്കിലും ചെറുകിടക്കാര്‍ക്ക് കാര്യമായ ലാഭമൊന്നും ലഭിച്ചിരുന്നില്ലെന്നാണ് വിവരം. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്മകുമാറിന്റെ നേതൃത്വത്തില്‍ ക്രൈംസ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സിപിഒ സുരേഷ് കക്കറ, എം.വി.രമേശന്, കെ.പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അന്വേഷണസംഘം സൂചിപ്പിച്ചു.